നാല്‍പതുകൊല്ലമായി എടുക്കാത്ത ഒരു പ്രത്യേകതരം ചുമട് ഉയര്‍ത്തിപ്പിടിച്ച് ഡല്‍ഹിയില്‍ ഒരാള്‍ നടപ്പുണ്ട്. വലിയ കനമുള്ള കെട്ടാണ് തലയില്‍. വിലകൂടിയ സാധനമാണ്. ഏതു മാര്‍ക്കറ്റിലാണ് വാങ്ങാനാവുക എന്ന് പറയാനാവില്ല. 'പരമോന്നത നിയമനിര്‍മാണ സഭയുടെയും ഭരണഘടനയുടെയും മൂല്യങ്ങള്‍' എന്ന് ഭാണ്ഡത്തിനുമുകളില്‍ വലിയ അക്ഷരത്തില്‍ എഴുതിവച്ചിട്ടുണ്ട്. അതുവായിച്ച് അകത്തുള്ളതെന്തെന്ന് പറയാനാവില്ല. പാഷാണം കുപ്പിയിലാക്കി പാല്‍പ്പായസമെന്ന് എഴുതിവില്‍ക്കുന്ന നാടാണ്. സഹയാത്രികന് ശീതളപാനീയം കൊടുത്ത് മയക്കി തീവണ്ടിയില്‍ കൊള്ള നടത്തുന്ന വാര്‍ത്തകള്‍ വായിച്ചിട്ടില്ലേ. കാണുമ്പോള്‍ മാത്രമല്ല, കുടിക്കുമ്പോഴും ശീതളപാനീയമെന്നേ തോന്നൂ. എല്ലാം കൊള്ളയടിക്കപ്പെട്ട് ഉണരുമ്പോഴാണ് കുടിച്ചത് പാഷാണമാണെന്ന് മനസ്സിലാവുക.
അതുകൊണ്ട് അസമില്‍നിന്ന് ബംഗാളിലെ ബോല്‍പൂര്‍ വഴി ഡല്‍ഹിയിലെത്തിയ സോമനാഥബാബു പൊക്കിപ്പിടിച്ച ഭാണ്ഡത്തില്‍ എന്താണുള്ളതെന്ന് ഗവേഷിച്ചുതന്നെ കണ്ടെത്തണം. പാര്‍ടി ആവശ്യപ്പെട്ടിട്ടും താന്‍ ചുമട് താഴെവയ്ക്കാത്തത് വയറ്റില്‍ തത്വാധിഷ്ഠിത രോഗത്തിന്റെ അസ്ക്യതയുള്ളതുകൊണ്ടാണെന്ന് ബാബു ആണയിടുന്നു. ഈ രോഗം പിടിപെട്ടിട്ട് കഷ്ടിച്ച് നാലുകൊല്ലമേ ആയുള്ളൂ. അതിനുമുമ്പ് അരോഗദൃഢഗാത്രനായിരുന്നു. ഇംഗ്ളണ്ടില്‍ പോയി നിയമംപഠിച്ച് കോട്ടും സൂട്ടുമായി കൊല്‍ക്കത്തയില്‍ ചെന്നിറങ്ങിയ വക്കീല്‍ ടെലിഗ്രാഫ് പത്രത്തിലെ തൊഴില്‍പംക്തി വായിച്ച് യുപിഎസ്സിക്ക് അപേക്ഷ അയച്ച് പരീക്ഷയും ഇന്റര്‍വ്യൂവും കഴിഞ്ഞ് ഡല്‍ഹിയിലെ സ്പീക്കറുദ്യോഗത്തില്‍ പ്രവേശിച്ചതാണ്. അതല്ലാതെ, ബോല്‍പൂരില്‍ പാവപ്പെട്ട കുറെ സഖാക്കള്‍ കൊടിയുംപിടിച്ച് വീടുകയറിയും പൊതുയോഗവും ജാഥയും നടത്തിയും മുണ്ടുമുറുക്കിയുടുത്ത് രാപകല്‍ പ്രയത്നിച്ചും നേടിക്കൊടുത്ത വോട്ടുകൊണ്ട് പാര്‍ലമെന്റ് അംഗമായതല്ല. തന്നെ വഹിക്കാന്‍ മാര്‍ക്സിസ്റ്റുകാര്‍ ഉണ്ടാക്കിയ കുപ്പായമാണ് എംപിസ്ഥാനം.
1971ല്‍ ആദ്യമായി കക്ഷിരഹിതനായി ജയിച്ചശേഷമാണ് താന്‍ പാര്‍ടി അംഗമായതെന്ന് ബാബുജി പ്രസ്താവനയിറക്കിയിട്ടുണ്ട്. വിശ്വസിക്കുകയേ തരമുള്ളൂ. ലോകസഭയുടെ രേഖയില്‍ ബാബു എഴുതുന്നത് 1968ലാണ് പുള്ളിക്കാരന്‍ പാര്‍ടി അംഗമായത് എന്നത്രേ. എന്തരോ എന്തോ. 2004ല്‍ സ്പീക്കറാക്കിയത് എല്ലാ പാര്‍ടികളും കൂടിയാണ്. അതില്‍ മാര്‍ക്സിസ്റ്റ് പാര്‍ടിക്കു മാത്രം എന്താണൊരു പ്രത്യേകത? സ്പീക്കര്‍ എന്നാല്‍ കടിച്ചാല്‍ മുറിയാത്ത മുന്തിയ തരം ഹല്‍വയാണ്. മാര്‍ക്സിസ്റ്റുകാര്‍മാത്രം വിചാരിച്ചാല്‍ അത് തരപ്പെടുമായിരുന്നോ? കോണ്‍ഗ്രസുകാര്‍, പ്രത്യേകിച്ച് സോണിയമാഡം വിചാരിച്ചില്ലെങ്കില്‍ തനിക്ക് ഈ പണി കിട്ടുമായിരുന്നോ? അതുകൊണ്ട് സ്പീക്കറാക്കിയ മാഡത്തോടാണ് തത്വാധിഷ്ഠിതകൂറു വേണ്ടത്. ബോല്‍പൂരിലെ പാവപ്പെട്ട മാര്‍ക്സിസ്റ്റുകാര്‍ക്ക് പാര്‍ലമെന്റിന്റെ മൂല്യം വല്ലതും അറിയുമോ.
നന്ദി, ഉത്തരവാദിത്തം എന്നെല്ലാം പറയുന്നത് ഒരുതരം പഴഞ്ചന്‍ ഏര്‍പ്പാടാണ്. അപ്പോള്‍ കാണുന്ന അഴകുള്ള വസ്തുക്കളെയാണ് പിതൃതുല്യം ആരാധിക്കേണ്ടത്. വക്കീലാകുമ്പോള്‍ കോടതിയോട്, എംപിയാകുമ്പോള്‍ ജയിപ്പിച്ച പാര്‍ടിയോട്, സ്പീക്കറാകുമ്പോള്‍ ഇരിക്കുന്ന കസേരയോട്-അങ്ങനെയാണ് കൂറുതെളിയിക്കേണ്ടത്. എംപി ആക്കിയതോടെ സിപിഎമ്മുകാരുടെ പണി തീര്‍ന്നു. പിന്നെ സ്പീക്കറാകുന്നതുവരെ അവരുടെ സഹായം വേണമായിരുന്നു. അതുകഴിഞ്ഞാല്‍ ഏതു മാര്‍ക്സ്? എന്തു മാര്‍ക്സിസ്റ്റ്. പാര്‍ലമെന്ററി ജനാധിപത്യമല്ലേ പുണ്യം. ഇമ്മാതിരി പണിയെടുക്കുന്ന മാന്യന്മാരുടെ വില ഓഹരിവിപണിയില്‍ കുതിച്ചുകയറും. ആശംസയും പിന്തുണയുംകൊണ്ട് വീര്‍പ്പുമുട്ടും. മാര്‍ക്സിസ്റ്റ് പാര്‍ടിയെ പിന്നില്‍നിന്ന് കുത്തിയാല്‍ അതു താന്‍ ജനാധിപത്യം. പാവപ്പെട്ട കല്‍ക്കരിക്കാരന്‍ താടിയും തടവി പത്തുനാല്‍പ്പത് കോടി വാങ്ങിയാല്‍ അത് കൂറുമാറ്റും, കാലുമാറ്റം, കോഴക്കേസ്, മാങ്ങാത്തൊലി. കനകം പെയ്തൂ യമിയുടെ കാല്‍ക്കല്‍ കാവില്‍ കോഴിത്തലപോലെ എന്ന മട്ടായിരുന്നു. വോട്ടുചെയ്യാതിരിക്കാന്‍ വഴിച്ചെലവിന് മൂന്നുകോടി തരാമെന്ന് അലുമിനിയം പട്ടേലും അമരശിങ്കവും പറഞ്ഞുപോയാല്‍ അത് മഹാപാതകം. സ്പീക്കര്‍പദത്തിലിരുന്ന് മൂല്യത്തിന്റെ ഭാണ്ഡവും പിടിച്ച് നടത്തുന്ന കൂറുമാറ്റം ജനാധിപത്യപരമാകുന്നു. ആ പ്രസ്താവനകണ്ടില്ലേ. 'അഞ്ചാണുപോലും സ്വയംകൃതാനര്‍ഥം; അതിലഞ്ചുംതികഞ്ഞവനാണ് ഞാനിപ്പോള്‍' എന്ന്. അധ്യക്ഷ മഹോദയ് അമര്‍ രഹെ!
*
ഗവേഷണത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം ഓര്‍മവരുന്ന പേര് എം ജി എസ് നാരായണന്‍ എന്നാണ്.
പാഠപുസ്തകസമരത്തിന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ മുഖ്യപ്രഭാഷണം നടത്താന്‍ വേറെ ആളെ നോക്കേണ്ടതില്ല. കെഎസ്യുക്കാര്‍ തയ്യാറാക്കിയ പുസ്തകം നോക്കിയും മനോരമയുടെ ഫീച്ചര്‍ വായിച്ചും റിപ്പോര്‍ട്ടെഴുതി തല്‍ക്കാലം ചെന്നിത്തലയെ ഏല്‍പ്പിച്ചിട്ടുണ്ട്. കെ എന്‍ പണിക്കര്‍ എന്തെഴുതിയാലും നേരെ വിപരീതമായി വരണം തന്റെ റിപ്പോര്‍ട്ട് എന്ന ഒറ്റ നിര്‍ബന്ധമേയുള്ളൂ. മതമില്ലാത്ത ജീവനെക്കുറിച്ച് പഠിക്കാന്‍ മടിയില്ലാത്ത(ഒന്നിനും) എം ജി എസ്. വര്‍ഗീയത തൊട്ടുതീണ്ടിയിട്ടില്ല. മുസ്ളിംലീഗിന്റെ മൂത്താപ്പയാണ്. ആരോടും കുശുമ്പില്ല, കൌശലമില്ല, സൂത്രവിദ്യകളൊന്നുമില്ല. പത്തരമാറ്റ് തങ്കം. ഈ തങ്കക്കുടം തയ്യാറാക്കട്ടെ ഇനിയുള്ള പാഠപുസ്തകങ്ങള്‍. അതുവായിച്ച് ചെന്നിത്തലയിലും വിരിയട്ടെ സാക്ഷരത.
*
വീണിടത്തുകിടന്ന് ഉരുളുന്നതിനെ ശയനപ്രദക്ഷിണമെന്നും വിളിക്കാം. വ്യവഹാര രോഗികള്‍ക്ക് വീഴാനും ഉരുളാനും എത്രയെത്ര അവസരങ്ങള്‍ കിടക്കുന്നു. ഒരാളെക്കുറിച്ച് നാടുനീളെ അപവാദ പ്രചാരണങ്ങള്‍ നടത്തുക; അത് സമാഹരിച്ച് കടലാസിലാക്കി കോടതിയിലും പത്രങ്ങളിലും ഒരേസമയം കൊടുക്കുക; കോടതി നടപടികളെപ്പോലും ഹീനമായ അപവാദപ്രചാരണത്തിന് ഉപയോഗിക്കുക-ഇതെല്ലാം നാം കണ്ടുകൊണ്ടേയിരിക്കുന്നു. പറഞ്ഞതെല്ലാം അപവാദമാണ് എന്ന് അന്വേഷണത്തില്‍ കണ്ടെത്തി ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടാലോ? തെറ്റ് സമ്മതിച്ച് മിണ്ടാതിരിക്കാന്‍ വ്യവഹാരപ്രിയര്‍ തയ്യാറല്ല. അവര്‍ പുതിയ കഥകളുമായി പിന്നെയും ഇറങ്ങും. ശിഖണ്ഡികളുടെ 'ശയനപ്രദക്ഷിണ' വാര്‍ത്ത ആഘോഷിക്കപ്പെടുകയുംചെയ്യും. നുണകൊണ്ട് ചോറും സാമ്പാറും അവിയലും പുളിശ്ശേരിയും. ചിലര്‍ക്ക് മൂന്നുനേരവും അത് ഭക്ഷിക്കാനാണ് ഇഷ്ടം. അവരെ വെറുതെ വിടുക. ആരോപണ ഗതി പണ്ട് പാടിപ്പതിഞ്ഞതാണ്:
"മുള്ളിന്റെ മൊനകൊണ്ട് മൂന്നു കുളംകുത്തീ ഞാന്‍;
രണ്ട്കൊളം പൊട്ട, ഒന്നില് വെള്ളമില്ല.....
ഉണ്ണാത്തവന്ക്ക് പാല്‍കുടിക്കാന്‍ മൂന്നെരുമ;
രണ്ടെരുമ മച്ചി, ഒന്ന് പെറ്റതേയില്ല....
പേറില്ലാത്തെരുമയ്ക്ക് പുല്ലുതിന്നാന്‍ മൂന്നുമല;
രണ്ടുമല മൊട്ട, ഒന്നില് പുല്ലേയില്ല....''
ഇതങ്ങനെ നീണ്ടുനീണ്ടുപോകും.
3 comments:
പാര്‍ലമെന്ററി ജനാധിപത്യമല്ലേ പുണ്യം. ഇമ്മാതിരി പണിയെടുക്കുന്ന മാന്യന്മാരുടെ വില ഓഹരിവിപണിയില്‍ കുതിച്ചുകയറും. ആശംസയും പിന്തുണയുംകൊണ്ട് വീര്‍പ്പുമുട്ടും. മാര്‍ക്സിസ്റ്റ് പാര്‍ടിയെ പിന്നില്‍നിന്ന് കുത്തിയാല്‍ അതു താന്‍ ജനാധിപത്യം.
ദീപസ്തംഭം മഹാശ്ചാര്യം....
ജനിക്കാത്ത കമ്മ്യൂണിസ്റ്റ്, ചത്ത കമ്മ്യൂണിസ്റ്റ്, പുറത്തായ കമ്മ്യൂണിസ്റ്റ് എന്നിവര്‍ക്കൊക്കെ നല്ല ഡിമാന്‍ഡല്ലേ...
Post a Comment