ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗ് എന്നാല്‍ 'ഇഷ്ടംപോലെ ഉണ്ടാക്കുകയും മുക്കുകയുംചെയ്യുന്ന ലീഗാ'ണെന്ന് മലപ്പുറത്തെ ചില രസികന്മാര്‍ പറയാറുണ്ട്. ബ്രിട്ടീഷുകാര്‍ കപ്പല്‍കയറിയതിന്റെ പിറ്റേക്കൊല്ലം മദിരാശിയിലെ രാജാജിഹാളില്‍ പിറന്നുവീണ കുഞ്ഞിന്റെ റിട്ടയര്‍മെന്റ് പ്രായത്തിനുശേഷമുള്ള ശുഷ്കിച്ച രൂപമാണ് ഇന്നത്തെ 'കുഞ്ഞാലിക്കുട്ടി ലീഗ്'.
പത്തറുപതുകൊല്ലം കൊണ്ട് ലീഗിനുവന്നുപെട്ട പരിണാമത്തെക്കുറിച്ചും രസികന്‍ കഥയുണ്ട്. ആദ്യകാലത്ത് ലീഗിന്റെ നേതാക്കന്മാരും അണികളും ഒരുപോലെയായിരുന്നു. സമുദായതാല്‍പര്യാര്‍ഥം മറ്റൊന്നും ചിന്തിക്കാതെ പാഞ്ഞുനടന്നവര്‍. പതുക്കെ നേതാക്കള്‍ അണികളേക്കാള്‍വിവരമുള്ളവരായി. അവര്‍ക്ക് ബിരിയാണി, മട്ടന്‍ ചാപ്സ്, ചുട്ടപത്തിരി, ആവോലി പൊള്ളിച്ചത് തുടങ്ങിയവയുടെ രുചി ഇഷ്ടമായിത്തുടങ്ങി. അണികള്‍ അധ്വാനിക്കുക, അണിചേരുക -നേതാക്കള്‍ അധികാരികളാവുക എന്നതായി ലീഗിന്റെ വളര്‍ച്ചാ ഫോര്‍മുല. നേതാക്കള്‍ പറയും; അനുയായികള്‍ അനുസരിക്കും. ഇന്ന് സൂര്യന്‍ അസ്തമിക്കില്ലെന്നു പറഞ്ഞാല്‍ 'അങ്ങനെതന്നെ'. മരം വെട്ടിയാല്‍ മഴ പെയ്യില്ലെങ്കില്‍ കടലില്‍ മരമുണ്ടായിട്ടാണോ മഴ പെയ്യുന്നത് എന്ന് നേതാവു ചോദിച്ചാല്‍ അണികള്‍ 'ബലേ ഭേഷ്' പറയും. നെഹ്റു വച്ചത് തുര്‍ക്കിത്തൊപ്പിയല്ലേ എന്നുചോദിച്ചാല്‍ 'തന്നെ, തന്നെ'യെന്നുത്തരം.
വിവരക്കൂടുതലുള്ള നേതാക്കള്‍ പ്രമാണിമാരും പ്രമാണിമാര്‍ നേതാക്കളുമായി. കച്ചവടത്തിന് ലൈസന്‍സൊപ്പിക്കല്‍, വന്‍കിട ലോണുകള്‍ തരപ്പെടുത്തല്‍, വ്യവസായത്തിന് ഭൂമി കച്ചവടമാക്കല്‍, നികുതിയിളവുകൊടുക്കല്‍, തോട്ടം വാങ്ങിക്കൂട്ടല്‍ തുടങ്ങിയവയായി ലീഗിന്റെ ദൈനംദിന രാഷ്ട്രീയ പ്രവര്‍ത്തനം. അങ്ങനെയുള്ള പണിയില്ലാത്തപ്പോള്‍ സ്വര്‍ണക്കട ഉദ്ഘാടനത്തിനു പോകും. തിരിച്ചുവരുമ്പോള്‍ പത്തുപവന്റെ ഉരുപ്പടി പൊതിഞ്ഞു കൈയില്‍ കിട്ടും. ഇടയ്ക്കൊന്ന് ദുബായില്‍ചെന്ന് ബെല്ലി ഡാന്‍സ് കാണുക, സ്വീകരണങ്ങള്‍ സംഘടിപ്പിക്കുക, ചില ഗസ്റ്റ് ഹൌസുകളില്‍ വെറുതെ താമസിക്കുക, ഫ്രൂട്ട് സലാഡ്, ഫലൂദ, ഐസ്ക്രീം തുടങ്ങിയ മാധുര്യങ്ങള്‍ സേവിക്കുക തുടങ്ങിയ കലാപരിപാടികള്‍ ഇതിനു പുറമെയാണ്. അതിനെന്തെങ്കിലും തട്ടുകേടുവരുമ്പോള്‍ സമുദായത്തിന്റെ പേരുവിളിച്ച് കരയും. നിലവിളികേട്ട് അനുയായികള്‍ തെരുവിലിറങ്ങും.
നേതാവിന്റെ നടപടിദോഷം പൊലീസ് കേസായാലും നാണക്കേടായാലും അഴിമതിക്കുറ്റം പിടിക്കപ്പെട്ടാലും കൊടിയുംപിടിച്ച് നിരത്തിലിറങ്ങി നല്ല തല്ല് പാട്ടത്തിനെടുക്കാന്‍ അണികള്‍ സദാ തയ്യാര്‍. പള്ളി പൊളി, കൊലപാതകം, അടിച്ചമര്‍ത്തല്‍, ന്യൂനപക്ഷപീഡനം, സംഘപരിവാര്‍ എന്നിങ്ങനെയുള്ള വേണ്ടാതീനങ്ങളെക്കുറിച്ചൊന്നും നേതാക്കള്‍ സംസാരിക്കില്ല; അണികള്‍ അറിയുകയുമില്ല. കൊയ്ത്തുകഴിഞ്ഞ പാടത്തില്‍ താറാക്കൂട്ടത്തെ നയിക്കുമ്പോലെ, സമുദായ വികാരം എന്നൊരു കമ്പുമെടുത്ത് അണികളെ അങ്ങനെ നയിച്ചു.
ഇതിനിടയില്‍ വിവരക്കൂടുതലുള്ള നേതാക്കളില്‍ ചിലര്‍ ഇടംതിരിഞ്ഞ് പിരിഞ്ഞു. ആദ്യം സുലൈമാന്‍ സേട്ട് എന്നൊരു പരദേശി. പള്ളി പൊളിയുന്നതും നാട്ടിലാകെ കൊല്ലും കൊലയും നടക്കുന്നതും സഹിക്കാതെ സേട്ട് പൊട്ടിത്തെറിച്ചു. നരസിംഹറാവു എന്നൊരു പഹയനാണ് അതിനെല്ലാം നേതൃത്വം നല്‍കുന്നതെന്നും റാവു പിടിച്ചത് കോണ്‍ഗ്രസിന്റെ കൊടിയാണെന്നും സേട്ട് പറഞ്ഞുനോക്കി. ഉള്ളതുപറയുമ്പോള്‍ കള്ളിക്ക് തുള്ളാട്ടം വന്നു. എന്ത് സേട്ട്, എന്ത് പള്ളി. സേട്ട് സേട്ടിന്റെ പാട്ടിന് പോട്ടെ; ഞങ്ങള്‍ ഭരിക്കട്ടെ എന്നായി നാട്ടിലെ ലീഗ്. സമുദായത്തിനുവേണ്ടി അധ്വാനിച്ചതിന്റെ കൂലി നന്ദികേടിന്റെ രൂപത്തില്‍ കൈപ്പറ്റി പാവം സേട്ട് പടിയിറങ്ങി. സേട്ടിനു പകരം അതിലും വലിയ തൊപ്പിയിട്ട ബനാത്ത്‌വാല വന്നു. ആ ബനാത്ത്‌വാലയെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലീഗ് തട്ടി.
ഇതൊക്കെ നടക്കുമ്പോള്‍ ലീഗിന്റെ അണികളില്‍ വന്ന പരിണാമം, അവര്‍ക്ക് നേതാക്കളെപ്പോലെ 'വിവരം വച്ചു' എന്നതാണ്. വിവരമുള്ള അണികള്‍ നേതാക്കളെ ശിക്ഷിച്ചപ്പോള്‍ ലീഗ് ജേക്കബിന്റെ പാര്‍ടിയുടെ കോലത്തിലായി. നിരാഹാരസമരം നാട്ടുകാരെ അറിയിക്കാന്‍ അവഗണനവിരുദ്ധ മാര്‍ച്ച് നടത്തേണ്ട അവസ്ഥ. മഞ്ചേരിയിലും കുറ്റിപ്പുറത്തും തോറ്റ നേതാക്കള്‍ വച്ച തൊപ്പി തുര്‍ക്കിയില്‍നിന്നു വന്നതോ ദുബായില്‍നിന്നു വന്നതോ എന്ന് തിട്ടമില്ല ഇന്നും. മരിക്കുന്നതിന് അരമണിക്കൂര്‍മുമ്പ് ബനാത്ത്‌വാല പറഞ്ഞത്, കോണ്‍ഗ്രസുമായും അതിന്റെ അമേരിക്കന്‍ പ്രേമവുമായും ആണവക്കരാറുമായും ലീഗിന് സന്ധി വേണ്ട എന്നാണ്. മരിച്ച നേതാവിന്റെ ഒസ്യത്തുപോലും വിഴുങ്ങിക്കളഞ്ഞു നാടന്‍ലീഗ്. അമേരിക്കയെക്കുറിച്ച് മിണ്ടരുത്, ആയതിനാല്‍ നമുക്ക് പാഠപുസ്തകത്തെക്കുറിച്ച് സംസാരിക്കാം എന്നായി അവര്‍. നല്ല ഇരുട്ടത്ത് ഇല്ലാത്ത കരിമ്പൂച്ചയെത്തപ്പി നേതാക്കള്‍ ഇറങ്ങി. അണികളില്‍ കുറെ വിവരമില്ലാത്തവര്‍ പുസ്തകം കത്തിച്ചു.
പക്ഷേ, മഹാഭൂരിപക്ഷം അണികള്‍ക്കും ഇപ്പോള്‍ നേതാക്കളേക്കാള്‍ വിവരം വന്നിട്ടുണ്ട്. അതാണ് ലീഗിന്റെ അവസാനത്തെ പരിണാമം. അണികള്‍ സമരത്തിനുമില്ല, പള്ളിയില്‍ രാഷ്ട്രീയം കളിക്കാനുള്ള പരിപാടിക്കുമില്ല. തല്‍ക്കാലം ചില സംഘടനകളെ ഒന്നിച്ചുനിര്‍ത്തി ഒരു രാഷ്ട്രീയ രക്ഷപ്പെടല്‍ നടത്താമെന്ന നേതാക്കളുടെ പദ്ധതിയും അണികള്‍ പൊളിച്ചിരിക്കുന്നു. കാത്തുസൂക്ഷിച്ച കസ്തൂരിമാമ്പഴം കാക്ക കൊണ്ടുപോയി. ഇനി ലീഗ് നേതാക്കള്‍ക്ക് അണികളുടെ വേഷവും കെട്ടാം. അതല്ലെങ്കില്‍ കോട്ടപ്പുറം മൈതാനിയില്‍ കയറിനിന്ന് കാറ്റിനോടും മരങ്ങളോടും പ്രസംഗിക്കാം; കൊതിതീരുവോളം. ഇപ്പോള്‍ കൈയിലുള്ളതാണ് ലീഗ് നേതാക്കളുടെ തറവാട്ടു സ്വത്ത്. ചിലര്‍ ആ അമൂല്യസ്വത്തിനെ ഉളുപ്പില്ലായ്മയെന്നും വിളിക്കും. തൂക്കി വിറ്റാല്‍ നല്ല വിലയാണ്.
***
ഭര്‍ത്താവ് പ്രസവിച്ച വാര്‍ത്ത കൌതുകമുള്ളതാണ്. പ്രസവിച്ച ഭര്‍ത്താവ് പക്ഷേ പൂര്‍വാശ്രമത്തില്‍ സുന്ദരിയായിരുന്നു. ശസ്ത്രക്രിയ നടത്തി പുറമേക്ക് സുന്ദരനായതാണ്. അകത്ത് ഗര്‍ഭപാത്രവും സ്ത്രൈണതയുമുണ്ട്. ഒരു സ്ത്രീയുടെ സാധാരണ പ്രസവത്തില്‍ കവിഞ്ഞ അത്ഭുതമൊന്നും നടന്നിട്ടില്ലെങ്കിലും സംഗതി വലിയ വാര്‍ത്തയായി. ഇങ്ങനെ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന എത്രയെത്ര മിടുക്കന്മാരും മിടുക്കികളുമുണ്ടെന്നോ. ഏഴാംക്ലാസിലെ സാമൂഹ്യ പാഠപുസ്തകം ഡല്‍ഹിയിലെ വിദഗ്ധരെ കാണിക്കാന്‍ ഇംഗ്ലീഷിലാക്കി കൊണ്ടുപോയപ്പോള്‍, ഇംഗ്ലീഷ് പതിപ്പില്‍ 'കുത്തും കോമയുമില്ലെന്ന് ' ഒന്നാംപേജ് വാര്‍ത്തയെഴുതിയ മുതുമുത്തശ്ശി പത്രത്തെ കണ്ടില്ലേ. വാര്‍ത്ത ഉണ്ടാകാന്‍ പ്രത്യേകിച്ച് സംഭവങ്ങളൊന്നും വേണ്ട. ഈയിടെ നമ്മുടെ നാട്ടിലെ പ്രധാനപത്രത്തിലെല്ലാം വന്ന ഒരു വാര്‍ത്ത, നാസി തടവറകളില്‍ പന്തീരായിരം ജൂതരെ കൊന്നൊടുക്കിയ യുദ്ധഭീകരന്‍ ജോഹന്‍ ബാച്ച് കര്‍ണാടക -ഗോവ അതിര്‍ത്തിയില്‍ പിടിയിലായി എന്നതായിരുന്നു. ബര്‍ലിനിലെ ചാന്‍സലറുടെ എസ്ഐസി എന്ന ഇന്റലിജന്‍സ് വിഭാഗത്തിന്റെ പ്രസ് ഓഫീസര്‍ ഹമ്മന്‍ സ്മിത്ത് പത്രമോഫീസുകളിലേക്കയച്ച ഇ- മെയിലുകളിലൂടെയാണ് വാര്‍ത്ത ലോകമറിഞ്ഞത്. 'മര്‍ഷക ടികാഷ് വാനാബ്' എന്ന കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിന്റെ അധിപനായിരുന്നു ജോഹന്‍ ബാച്ചെന്നും ഗോവയില്‍ ഇസ്രയേലി ദമ്പതികളാണ് ജോഹനെ കണ്ടെത്തിയതെന്നും ഇ-മെയില്‍ സന്ദേശത്തിലുണ്ട്. കിട്ടിയതുവച്ച് വമ്പന്‍ വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെട്ടു. മോഷ്ടിച്ച പിയാനോയെക്കുറിച്ച്, ജോഹന്റെ കൊലപാതകശൈലിയെക്കുറിച്ച്, അയാളെ ജര്‍മനിയിലേക്ക് വിമാനത്തില്‍ കൊണ്ടുപോയതിനെക്കുറിച്ച്, അയാളും ഹിറ്റ്ലറുമായുള്ള ബന്ധത്തെക്കുറിച്ച്....ജനം അമ്പരന്നു. പിറ്റേന്ന് വാര്‍ത്തയുടെ ബാക്കിതേടി ചില പത്രലേഖകര്‍ പോയി. അപ്പോഴാണറിയുന്നത്, ഹമ്മന്‍ സ്മിത്ത് എന്നൊരു പ്രസ് സെക്രട്ടറിയില്ല, 'മര്‍ഷക ടികാഷ് വാനാബ്'എന്നൊരു കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പോ ജോഹന്‍ ബാച്ച് എന്നൊരു കമാന്‍ഡറോ ഇല്ല എന്നൊക്കെ. ഏതോ വിരുതന്‍ പറ്റിച്ച ഇ-മെയില്‍ പണിയില്‍ നമ്മുടെ ഒന്നാംകിട മാധ്യമങ്ങളെല്ലാം കുടുങ്ങിപ്പോയി. കിട്ടിയതുവച്ചാണ് കോത പാട്ടുപാടിയത്.
ഇക്കഥ വായിച്ചപ്പോഴാണ് നമ്മുടെ പഴയ മാധ്യമ സിന്‍ഡിക്കറ്റിനെ ഓര്‍മ വന്നത്. മൂന്നുപെഗ് കാലിയാകുമ്പോഴേക്കും മാര്‍ക്സിസ്റ്റ് പാര്‍ടിയെ കുപ്പിയിലിറക്കുന്ന വാര്‍ത്തകള്‍ പടച്ചുവിട്ട ആ മാധ്യമ സിന്‍ഡിക്കറ്റ് ഇന്ന് നമ്മോടൊപ്പമില്ലെങ്കിലും അതിന്റെ അന്തര്‍ദേശീയ പതിപ്പുകള്‍ സജീവമാണ്. ഒരേ വ്യാജവാര്‍ത്ത എല്ലാ പത്രത്തിലും അച്ചടിച്ചുകാണാന്‍ ഇനി ഇ- മെയില്‍ മതി.
***
മാധ്യമ സിന്‍ഡിക്കറ്റിന്റെ എല്ലും നഖവുമെല്ലാം അങ്ങിങ്ങ് അഴുകാതെ അവശേഷിക്കുന്നുണ്ട്. മാധ്യമം എന്ന പത്രത്തില്‍ ഒന്നാം പുറത്ത് വന്ന ഒരു വാര്‍ത്ത അങ്ങനെയൊരവശിഷ്ടമാണ്. കണ്ണൂര്‍ ലോക്‍സഭാ നിയോജക മണ്ഡലത്തില്‍ സിപിഐ എം നിര്‍ത്താന്‍ സാധ്യതയുള്ള സ്ഥാനാര്‍ഥി ഇ പി ജയരാജനാകുമെന്ന പ്രവചനവും അതിന്റെ മറവില്‍ അദ്ദേഹത്തിനെതിരായ ശകാരവര്‍ഷവുമായാണ് മാധ്യമം 'അടവുകള്‍ ഒരുമുഴം മുമ്പേ' എറിയുന്നത്. അഥവാ ഇ പി സ്ഥാനാര്‍ഥിയായാല്‍ അദ്ദേഹത്തിനെതിരെ പറഞ്ഞുനടക്കാന്‍ കുറെ നുണകള്‍ മാധ്യമം യുഡിഎഫിന് സൌജന്യമായി നല്‍കുകയാണ്. പൊലീസിന്റെയും രാഷ്ട്രീയ ശത്രുക്കളുടെയും നിരന്തരമായ ആക്രമണമേറ്റുവാങ്ങിയതിന്റെ പരിക്കുകളും എന്തിന്, ഒരു വെടിയുണ്ട തന്നെയും ശരീരത്തില്‍ പേറി അവിശ്രമം പൊതുപ്രവര്‍ത്തനം നടത്തുന്ന ഇ പി ജയരാജനെ 'വിപ്ലവ കോടിപതി' എന്ന് കളിയാക്കുകയാണ് മാധ്യമം ലേഖകന്‍. ദേശാഭിമാനി പ്രചാരണത്തിനും സംഘാടനത്തിനുമായി ആരോഗ്യ പ്രശ്നങ്ങള്‍ അവഗണിച്ച് അദ്ദേഹം നടത്തുന്ന പര്യടനം 'പണം സ്വരൂപിക്കാനുള്ള'താക്കിയിട്ടുണ്ട് പത്രം. ഇതാണ് രീതി. അയല്‍വാസി ഒരു ദരിദ്രവാസിയാണെന്ന് ഒരസൂയക്കാരന്‍ ചെവിയില്‍ പറഞ്ഞാല്‍ ദാരിദ്ര്യത്തെക്കുറിച്ച് സചിത്ര ഫീച്ചറെഴുതിക്കളയുന്ന വമ്പന്‍മാര്‍ക്ക് ഒരു പഞ്ഞവുമില്ല ഇന്നും. മാധ്യമം പറഞ്ഞിട്ടുവേണമല്ലോ ഇ പി ജയരാജനെ ജനങ്ങള്‍ അറിയാന്‍!
***
പാഴായ (മുന്‍) കമ്യൂണിസ്റ്റ് അഴുകിയ കമ്യൂണിസ്റ്റാണെന്ന് പറയാറുണ്ട്. അത് ശരിയാണോ, കമ്യൂണിസത്തിന്റെ നന്മ അല്‍പ്പമെങ്കിലും അവരില്‍ ശേഷിക്കില്ലേ എന്ന് ശതമന്യുവിന് കുറെനാളായി കലശലായ സംശയമാണ്. പാഠപുസ്തക വിവാദത്തില്‍ യുഡിഎഫ് പക്ഷത്തുനിന്ന് ഒറ്റപ്പെട്ട ചില ശബ്ദങ്ങളുയര്‍ന്നപ്പോള്‍ ആ സംശയം പിന്നെയും കനത്തു. ശരിയായ നിലപാടിലേക്ക് ആരുവന്നാലും അതിനെ അംഗീകരിക്കുന്ന പാര്‍ടിയാണ് സിപിഐ എം എന്ന് ബദല്‍രേഖക്കാലത്ത് ഇ എം എസ് പറയുന്നത് ശതമന്യു കേട്ടിട്ടുണ്ട്. കൃഷ്ണ കൃഷ്ണാ മുകുന്ദാ ജനാര്‍ദനാ...
-ശതമന്യു
2 comments:
ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗ് എന്നാല്‍ 'ഇഷ്ടംപോലെ ഉണ്ടാക്കുകയും മുക്കുകയുംചെയ്യുന്ന ലീഗാ'ണെന്ന് മലപ്പുറത്തെ ചില രസികന്മാര്‍ പറയാറുണ്ട്. ബ്രിട്ടീഷുകാര്‍ കപ്പല്‍കയറിയതിന്റെ പിറ്റേക്കൊല്ലം മദിരാശിയിലെ രാജാജിഹാളില്‍ പിറന്നുവീണ കുഞ്ഞിന്റെ റിട്ടയര്‍മെന്റ് പ്രായത്തിനുശേഷമുള്ള ശുഷ്കിച്ച രൂപമാണ് ഇന്നത്തെ 'കുഞ്ഞാലിക്കുട്ടി ലീഗ്'.
ഇതെല്ലാം സ്വയമങ്ങു തീരുമാനിച്ചാല്‍ മതിയോ?
Post a Comment