Sunday, June 28, 2009

മകനേ ലാവ്ലിന്‍, തിരിച്ചുവരൂ

പുറപ്പെട്ടുപോയ മകനെ മടക്കിവിളിക്കാന്‍ പത്രപരസ്യം നല്‍കുന്ന ഒരേര്‍പ്പാടുണ്ട്. മകനേ, തിരിച്ചുവരിക, അമ്മയ്ക്ക് അസുഖം കലശലായിരിക്കുന്നു എന്നും മറ്റും. ലാവ്ലിന്‍ എന്ന മാധ്യമപുത്രനെ കുറച്ചുനാളായി കാണാനില്ല. മകാരപത്രങ്ങള്‍ അരിച്ചുപെറുക്കിയിട്ടും ലാവ്ലിന്‍മോനെക്കുറിച്ച് ഒരു വിവരവുമില്ല. മഷിയിട്ടുനോക്കിയിട്ടും ലാവ്ലിന്‍ എന്ന വാക്കുപോലും അച്ചായന്റെ പത്രത്തിലുമില്ല, മച്ചമ്പിയുടെ മഞ്ഞക്കടലാസിലുമില്ല. ഇത്തരം ഘട്ടത്തിലാണ് പരസ്യംചെയ്ത് തിരിച്ചുവിളിക്കേണ്ട അവസ്ഥ വരുന്നത്.

ലാവ്ലിന് ഒരുകാലമുണ്ടായിരുന്നു. കുസൃതിക്കുടുക്കയല്ലേ അച്ചായന്റെ പൊന്നോമന ലാവ്ലിന്‍. എങ്ങോട്ടു തിരിഞ്ഞാലും ലാവ്ലിന്‍. എന്തുപറഞ്ഞാലും ലാവ്ലിന്‍. 374 കോടി, എജിയുടെ ഫോണ്‍ ചോര്‍ത്തല്‍, വരദാചാരിയുടെ തല, കാര്‍ത്തികേയന്റെ താടി, ഗവായിയുടെ ഗമ- അങ്ങനെ എന്തെല്ലാം ഓര്‍മ. തലയില്‍വച്ചാല്‍ പേനരിക്കും തറയില്‍വച്ചാല്‍ പൂഞ്ഞാറിലെ പൂതം കണ്ണെറിയും എന്നമട്ടിലാണ് തല വളരുന്നോ കാല്‍ വളരുന്നോ എന്ന് കണ്ണുമിഴിച്ച് കാത്തുനിന്ന് പോറ്റിയത്. പെട്ടെന്നൊരുനാള്‍ കുഞ്ഞിനെ കാണുന്നില്ല. എങ്ങോട്ടുപോയി കുട്ടന്‍? ഇന്നലെവരെ പേര്‍ത്തും പേര്‍ത്തും എഴുതിയോമനിച്ച പൊന്നുങ്കുടം വിസ്മൃതിയുടെ അഗാധ ഗഹ്വരങ്ങളിലേക്ക് ഊളിയിട്ട് മറയാന്‍ എന്തെങ്കിലുമൊരു കാരണമില്ലാതിരിക്കുമോ?

ശതമന്യുവിന്റെ സംശയം കഷ്ടപ്പെട്ട് വേച്ചുവേച്ച് ആദ്യം ചെന്നെത്തിയത് വരദാചാരിയുടെ തലക്കഥയിലാണ്. ആ തലയുംകൊണ്ട് ഒരാള്‍ കഴിഞ്ഞദിവസം വയനാട്ടിലെ കാപ്പിത്തോട്ടത്തിലൂടെ കുന്നുകയറിപ്പോയതായി വാര്‍ത്തയുണ്ട്. അത് യഥാര്‍ഥ തലയല്ല, ആ തലയില്‍ മുഴുവന്‍ പുളിയാര്‍മലയിലെ കരിമണ്ണാണ്; ഒറിജിനല്‍ തലയുംകൊണ്ട് പോയത് മീനച്ചിലാറ്റിന്‍കരയിലെ റബര്‍തോട്ടത്തിലൂടെയാണെന്നാണ് മറ്റൊരു സിന്‍ഡിക്കറ്റ് വാര്‍ത്ത. വരദാചാരി എന്ന പേരുകേട്ടാല്‍ ഇപ്പോള്‍ മഞ്ഞപ്പത്രത്തിന്റെ ഭാവം ഒഴിപ്പിക്കല്‍ നോട്ടീസു കിട്ടിയ കൈയേറ്റക്കാരന്റേതു പോലെയാകും. വര, ആചാരി തുടങ്ങിയ വാക്കുകള്‍ 'ഇന്റഗ്രേറ്റ്'ചെയ്ത് പറയുന്നതുകൊണ്ടാകാം, അച്ചായന് അത് കേള്‍ക്കുമ്പോള്‍ പൊലീസിനു മുന്നില്‍പ്പെട്ട ബ്ളേഡുകാരന്റെ മനോനിലയാണ്. രണ്ടുകൂട്ടരും ലാവ്ലിന്‍മോന്റെ തിരോധാനത്തെക്കുറിച്ച് മിണ്ടുന്നില്ല.

വരദാചാരി ഒരുവഴിക്കായപ്പോള്‍ സിപിഐ എം കേന്ദ്രകമ്മിറ്റിയുടെ കമ്യൂണിക്കെയിലെങ്കിലും ഒരു തുമ്പു കിട്ടുമെന്നു കരുതി. ലാവ്ലിന്‍ കേസില്‍ അഴിമതിയില്ലെന്നും കോടതിയില്‍ അത് തെളിയിക്കുമെന്നുമാണ് പ്രകാശ് കാരാട്ട് പറഞ്ഞു കളഞ്ഞത്. ലാവ്ലിന്‍ ഒരു പാരയായി വളര്‍ന്നുവലുതായി സിപിഐ എമ്മിന്റെ തലയില്‍ ചാഞ്ഞുവീഴുന്നത് കനവുകണ്ട അച്ചായനും വീരവേലാണ്ടിയും അതുകേട്ട് ഞെട്ടിത്തരിച്ചു. ആ ഞെട്ടല്‍തീരുംമുമ്പ് അതാവരുന്നു സിബിഐ വക ഒരു കത്ത്. അഡ്വക്കറ്റ് ജനറലിന് അയച്ചതാണെങ്കിലും സിബിഐയുടെ ചെന്നൈ ഓഫീസില്‍നിന്ന് കന്തസ്വാമിയോ മുത്തുപ്പാണ്ടിയോ വിട്ട കടിതം വന്നുകൊണ്ടത് വീരനച്ചായന്മാരുടെ നെഞ്ചത്താണ്. ഞങ്ങള്‍ ആരുടെയും ടെലിഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന് അതില്‍ വടിവൊത്ത അക്ഷരത്തില്‍ എഴുതിവച്ചിട്ടുണ്ട്. അച്ചായനും മച്ചമ്പിയും ഒന്നാംപേജില്‍ തട്ടിവിട്ടതാണ് എജിയുടെ ഫോണ്‍ സിബിഐ ചോര്‍ത്തി ഗവായിക്ക് വിളമ്പിക്കൊടുത്തു എന്ന സൊയമ്പന്‍ കഥ. അത് സിബിഐ നിഷേധിച്ചപ്പോള്‍ അച്ചായന്‍ അടങ്ങിയെങ്കിലും വീരവേലാണ്ടി ഒരുകോടി വിലയുള്ള മാനവുംകൊണ്ട് അലറിത്തുള്ളി. ഗവായി തീരുമാനത്തിലേക്ക് ഗമിക്കുമ്പോള്‍ ഒക്കത്ത് ചോര്‍ത്തിയെടുത്ത ഫോണ്‍ ടേപ്പുമുണ്ടായിരുന്നെന്ന് കട്ടായം പറഞ്ഞു. ഇപ്പോള്‍ ഫോണുമില്ല; ചോര്‍ത്തലുമില്ല. എജിക്ക് സിബിഐ അയച്ച കത്ത് മകാരപത്രങ്ങള്‍ കണ്ടതുപോലുമില്ല.

എന്റെ പുന്നാരലാവ്ലിന്‍മോനേ.....

സ്റ്റഫ് ചെയ്ത് വയ്ക്കേണ്ട തലയുടെയും ചോരാത്ത ഫോണിന്റെയും കഥയ്ക്കുപിന്നാലെ വന്നതാണ് കാര്‍ത്തികേയന്റെ താടിവേഷം. അണിയറയിലായിരുന്ന ആട്ടം തിരശ്ശീലനീക്കി കാണികള്‍ക്കുമുന്നിലെത്തിച്ചത് കോടതിയാണ്. ലാവ്ലിനെ കൊണ്ടുവന്നതും ധാരണാപത്രം ഒപ്പുവച്ചതും കരാറുണ്ടാക്കിയതും പഴയ കോഴിയമ്മക്കഥയിലേതുപോലെ കാര്‍ത്തികേയന്‍തന്നെ. പിന്നെന്തേ അപ്പംതിന്നാന്‍മാത്രം കാര്‍ത്തികേയന് പാടില്ലെന്ന് കോടതി ചോദിച്ചു. അന്വേഷിച്ച് കാര്‍ത്തികേയന്റെ താടി വെളുത്തും മുടി കറുത്തുമിരിക്കുന്നതിന്റെ രഹസ്യം കണ്ടുപിടിക്കാനുള്ള പുതിയ ജോലിയിലാണിപ്പോള്‍ സേതുരാമയ്യരും മുത്തുപ്പാണ്ടിയും. മീശയില്ലാത്തൊരാള്‍ ദൂതുംകൊണ്ട് മുംബൈയിലെ ഗ്രാന്റ്റോഡില്‍പോയെന്നും അവിടെ ഒരു പൂച്ച പണിയില്ലാതെ കരഞ്ഞുനടക്കുന്നത് കണ്ടെന്നും അത് കണ്ടിട്ടും കാണാതെ മീശ വലിഞ്ഞുകളഞ്ഞെന്നും വേറൊരു കഥയും വന്നിട്ടുണ്ട് ഒടുവിലത്തെ സിന്‍ഡിക്കറ്റ് മെയിലില്‍. ആ പൂച്ച പിടിച്ചുകളഞ്ഞോ ലാവ്ലിന്‍ തങ്കക്കുടത്തെ? കാര്‍ത്തികേയന്റെ കറുപ്പും വെളുപ്പും കണ്ടെത്തുന്നതുവരെ മകാരക്കുട്ടന്‍മാര്‍ ലാവ്ലിനെ മറക്കുകയാണ്. ഇടയ്ക്ക് ഓര്‍മപുതുക്കാന്‍ വല്ല മാധവന്‍കുട്ടിയെന്നോ പാര്‍ടി ക്ളാസെന്നോ കേസിന് ഫണ്ട് പിരിക്കുന്നെന്നോ കരയുന്നുണ്ടെങ്കിലും അതിന് കരുത്തുപോരാ. ലാവ്ലിന്‍കാര്യം സിപിഎം അണികളെ പഠിപ്പിക്കുന്നെന്ന് ഒരുവാര്‍ത്ത; അതില്‍ ക്ളാസെടുത്ത ഒരാള്‍ ആംഗ്യം കാണിച്ചെന്നും അതിനെതിരെ പൊളിറ്റ്ബ്യൂറോയ്ക്ക് പരാതിപോയെന്നും തുടര്‍വാര്‍ത്ത! കേട്ടാല്‍തോന്നും സിപിഐ എം പൊളിറ്റ്ബ്യൂറോ പരാതി സ്വീകരിക്കുന്നത് മഞ്ഞപ്പത്രക്കാരന്റെയും ചാനല്‍ക്കുഞ്ഞുങ്ങളുടെയും പോസ്റ്റോഫീസ് വഴിയാണെന്ന്. സിപിഐ എം പ്രവര്‍ത്തകര്‍ക്ക് ക്ളാസെടുക്കുന്നവര്‍ പാര്‍ടി അംഗങ്ങള്‍മാത്രമായിരിക്കണമെന്ന് മാധ്യമങ്ങള്‍ നിയമംപാസാക്കിയിട്ടുണ്ടോ എന്നത് മറ്റൊരു ചോദ്യം. ചില ജീവികള്‍ കരയിലും വെള്ളത്തിലും ജീവിക്കും. ചിലതില്‍ ലിംഗഭേദം ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാകില്ല. ചില മനുഷ്യരുടെ സ്വഭാവും അതുപോലെ വിചിത്രമാണ്. മനുഷ്യര്‍ നിയന്ത്രിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഇത്തരം വിചിത്ര സ്വഭാവം വരാം. ആണുംപെണ്ണുംകെട്ട അവസ്ഥ എന്നാണ് ഈ സവിശേഷ രോഗഗ്രസ്തസാഹചര്യത്തെ മലയാളികള്‍ വിശേഷിപ്പിക്കാറുള്ളത്. മലയാളമനോരോഗം, മര്‍ഡോക് ചാനല്‍, വീരഭൂമി തുടങ്ങിയ മാധ്യമസ്ഥാപനങ്ങള്‍ ഈ ദുരവസ്ഥ തരണംചെയ്യാനുള്ള തീവ്രശ്രമത്തിലാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ടെങ്കിലും അത് വിശ്വസിക്കാനുള്ള തെളിവ് തല്‍ക്കാലം പുറത്തുവന്നിട്ടില്ല. എന്തായാലും രോഗലക്ഷണം ഉളുപ്പില്ലായ്മ അഥവാ ലജ്ജ എന്ന വാക്കുപോലും നാണിക്കുന്ന പെരുമാറ്റമാണെന്നു തെളിഞ്ഞുകഴിഞ്ഞു.

ഇനി ലാവ്ലിന്‍ കണ്‍മുന്നില്‍വന്നുനിന്നാലും തിരിച്ചറിയാന്‍ ഈ രോഗാവസ്ഥ അനുവദിക്കില്ല.

*
വീരന്മാരെല്ലാം ഒരുപോലെയാണ്. വീരേന്ദ്രമൊയ്ലിയും വീരപ്പകുമാറും സാക്ഷാല്‍ വീരപ്പനും. വീരപ്പമൊയ്ലിക്ക് ലാവ്ലിന്‍ കേസിനോട് എന്തിത്ര പ്രത്യേക താല്‍പ്പര്യം എന്ന് മനസ്സിലാകുന്നില്ല. മൊയ്ലി ലാവ്ലിന്‍ കേസ് പറയുമ്പോള്‍ നിയമമന്ത്രി എന്ന ഭരണഘടനാബാധ്യത തടസ്സമാകുന്നതും കാണുന്നില്ല. ഒടുവില്‍ മൊയ്ലി ചോദിക്കുന്നത്, കേസിനെ കോടതിയില്‍ നേരിടുന്നതിന് സിപിഐ എമ്മിന് എന്തിന് ഭയം എന്നാണ്. സിപിഐ എമ്മിന് ഭയമുണ്ടെന്ന് ആരാണ് അതീവ രഹസ്യമായി മൊയ്ലിയോട് പറഞ്ഞത് എന്നറിയില്ല. മൊയ്ലി അങ്ങനെ പല രഹസ്യവും കൈകാര്യംചെയ്യുന്നുണ്ട്. അത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യം. സിപിഐ എം ആ രാഷ്ട്രീയതാല്‍പ്പര്യം അന്വേഷിക്കാനോ തുറന്നുകാട്ടാനേ പാടില്ലെന്ന് മൊയ്ലി എങ്ങനെ ശഠിക്കും? സിപിഐ എം ഏത് കോടതിയില്‍ ലാവ്ലിന്‍ കേസ് നേരിടണമെന്ന് മൊയ്ലി ഉത്തരവിടാത്തത് പരമഭാഗ്യം. ഗവര്‍ണറെക്കൊണ്ട് വേണ്ടാതീനം എഴുതിക്കാന്‍ വിജയകരമായി കഴിഞ്ഞു. ഇനി ഇത്തരം ജാടകള്‍കൊണ്ടേ രക്ഷയുള്ളൂ. അതിനും മൊയ്ലിതന്നെ വേണമെന്നുവരുമ്പോള്‍ ഇവിടത്തെ വലുതുംചെറുതുമായ പ്രതിപക്ഷനേതാക്കള്‍ക്ക് വേറെന്തുപണി എന്നുകൂടി ചോദിക്കേണ്ടിവരും.

പി സി ജോര്‍ജ് എന്നൊരു പൂഞ്ഞാര്‍വീരനുമുണ്ട് കഥയില്‍. സത്യമറിയാന്‍ വൈകിപ്പോയതുകൊണ്ട് രൂപഭാവങ്ങള്‍ മാറാനും കുറച്ച് സമയമെടുത്തു. ഇപ്പോള്‍ മാണിസാറിന്റെയും പൊന്നുമോന്റെയും ബ്രാന്‍ഡ് അംബാസഡറാണ്. മാണിസാറിന്റെ വീരകൃത്യങ്ങള്‍ എന്നപേരില്‍ പൂഞ്ഞാറില്‍ ഒരു സമ്പൂര്‍ണ തെറിപ്പദാവലി പുറത്തിറക്കിയ ദേഹം ഇന്ന് മാണിസാര്‍ മഹാമാന്ത്രികന്‍, മകന്‍ വില്ലാളിവീരന്‍ എന്ന് ശരണംവിളിക്കുന്നു. കാഞ്ഞിരപ്പള്ളിയിലെ രൂപതാധ്യക്ഷനെ പത്രസമ്മേളനംവിളിച്ച് തെറിയഭിഷേകംനടത്തി പൂഞ്ഞാറിലേക്കു പോയ വിദ്വാന്‍ പിന്നെ പൊങ്ങിയത് ലാവ്ലിന്‍, കുരുവിള, വിഴിഞ്ഞം എന്നെല്ലാം ഈണത്തില്‍വിളിച്ചുറയുന്ന അമ്മികൊത്തന്റെ വേഷത്തിലാണ്. ആരും അമ്മികൊത്തിക്കാത്തതാണ് സങ്കടം. ഇപ്പോള്‍ ഗ്രൈന്ററിലാണ് അരപ്പ്. അറിയാവുന്ന പണി മുടങ്ങിയപ്പോള്‍ കേസുനടത്തിപ്പിന് പണമെത്തിക്കുന്ന ദല്ലാള്‍പണിയാണത്രേ പുതിയ ഉപജീവനമാര്‍ഗം.

*
ഒരു പരസ്യവാചകംകേട്ടു. "മധുരം കഴിക്കണം ഇന്നൊന്നാംതിയ്യതിയായ്.'' അതുപോലെയാണ് നമ്മുടെ ചില പൊലീസുകാരുടെ കഥ. സര്‍ക്കാരിനെതിരെ ജനങ്ങള്‍ തിരിഞ്ഞാലും വേണ്ടില്ല, അവര്‍ക്ക് മധുരംകഴിച്ചേ മതിയാകൂ. നടയടിയുടെ കാലം പണ്ടേ കഴിഞ്ഞതാണ്. സുരേഷ് ഗോപി സ്റ്റൈല്‍ ‘ഷിറ്റ്‘ പൊലീസ് സിനിമയില്‍മാത്രം. എന്നാല്‍, ജനങ്ങളോട് മാന്യമായി ഇടപെടുന്നത് ബലഹീനതയാണെന്ന തെറ്റായധാരണ ചില പൊലീസുകാര്‍ക്ക് ഇപ്പോഴുമുണ്ടെന്നാണ് ആഭ്യന്തരമന്ത്രി കോടിയേരി പറയുന്നത്. ആദ്യം കേട്ടപ്പോള്‍ വിശ്വസിക്കാന്‍തോന്നിയില്ല. അനുഭവമാണ് ഗുരു. വടക്കന്‍കേരളത്തിലൊരിടത്ത്, രാഷ്ട്രീയസംഘര്‍ഷത്തിന്റെ ഭാഗമായി പ്രതിയാക്കപ്പെട്ട സിപിഐ എം അനുഭാവിയെ കായംകുളം കൊച്ചുണ്ണിയെ പിടിക്കുമ്പോലെയാണ് പൊലീസ് പിടിച്ചുകൊണ്ടുപോയത്. വീടുവളഞ്ഞ്, പതുങ്ങിപ്പതുങ്ങി, കള്ളന്മാരെപ്പോലെ. താനൊന്നും കുരയ്ക്കേണ്ടെടാ, തന്റെ ആഭ്യന്തരമന്ത്രിയുടെ ഉത്തരവനുസരിച്ചാണ് തന്നെ പിടിക്കുന്നത്, ഒരുത്തനും ഒന്നും ചെയ്യാന്‍പോകുന്നില്ലെന്ന് തോളില്‍ നക്ഷത്രമുള്ള ഏമാന്റെ മുരള്‍ച്ച. മാന്യമായി പെരുമാറാനറിയാത്തവര്‍ മാത്രമല്ല, മനോരോഗികളുമുണ്ട് കാക്കിക്കുള്ളില്‍. കണ്ണൂര്‍ നഗരത്തില്‍ വിഐപി വാഹനം കടന്നുപോകുമ്പോള്‍ റോഡരികില്‍ നര്‍ത്തിയിട്ടിരുന്ന കാറുകാരനോട് ഏമാന്മാരുടെ സംസ്കൃതപ്രയോഗം. നിങ്ങളൊക്കെയല്ലേ സര്‍ക്കാരിനെ ജനങ്ങള്‍ക്കിടയില്‍ മോശമാക്കുന്നത് എന്ന കടുത്ത പ്രതികരണം നാട്ടുകാരില്‍നിന്നു വന്നു. ഏമാന്മാര്‍ക്ക് മിണ്ടാട്ടമുണ്ടായില്ല. കാക്കിക്കുള്ളില്‍ കയറിപ്പറ്റിയാല്‍ നാട്ടുകാരുടെ മെക്കിട്ടുകയറി മാത്രമേ ഊണുകഴിക്കാവൂ എന്നു കരുതുന്ന പോഴന്മാര്‍ പലരുമുണ്ട് നാട്ടില്‍. ഗുണ്ടാനിയമം സിപിഐ എം പ്രവര്‍ത്തകരെ പിടിച്ചുപൂട്ടാനുള്ളതാണെന്നു മാത്രമല്ല; ആര്‍എസ്എസിനെയും എന്‍ഡിഎഫിനെയും രക്ഷിക്കാനുള്ളതാണെന്നും അവര്‍ കരുതുന്നു. ഇതൊക്കെ കണ്ടും കേട്ടും ആഭ്യന്തരമന്ത്രി ഇത്രയല്ലേ പറഞ്ഞുള്ളൂ എന്ന് ആശ്വസിക്കാം.

ചില ഏമാന്മാര്‍ പയറ്റുന്നത് സ്കോട്ട്‌ലന്റ്‌യാര്‍ഡ് വിദ്യയാണെങ്കിലും പിഴയ്ക്കുന്നത് കോണ്‍ഗ്രസിന്റെ കൊടിമരത്തണലിലാണ്. നാട്ടിലൊകെ കൊല്ലും കൊലയും നടത്തുന്ന ആര്‍എസ്എസിനും എന്‍ഡിഎഫിനും ക്വട്ടേഷന്‍ഗുണ്ടകള്‍ക്കും ബാധകമല്ലാത്ത ഗുണ്ടാനിയമം സിപിഐ എം പ്രവര്‍ത്തകരുടെ നെഞ്ചത്തുകയറാന്‍ ഉപയോഗിക്കാമെന്നു കരുതുന്ന കാഞ്ഞ ഖദര്‍ബുദ്ധിയുള്ള പൊലീസുകാര്‍ക്ക് കോടിയേരിയുടെ വാക്കുകള്‍ ക്ഷമയോടെ വായിച്ചുനോക്കാം. തങ്ങളുടെ തൊഴില്‍ ആര്‍എസ്എസിന്റെയും എന്‍ഡിഎഫിന്റെയും അടുക്കളപ്പുറത്തോ അതോ പൊലീസ് സ്റ്റേഷനിലോ എന്ന് സ്വയം ചോദിച്ചുനോക്കുകയുമാകാം.

*
പുലിയറങ്ങി എന്ന് കേള്‍ക്കാറുണ്ട്. അതുപോലെ, കമ്യൂണിസവും സോഷ്യലിസവും തമ്മിലുള്ള ബന്ധം പഠിപ്പിക്കുന്ന ഒരാള്‍ ചുരമിറങ്ങിയിട്ടുണ്ട്. വലിയ കോടിയുടെ അഭിമാനിയാണ്. അത്രന്നെ വലുപ്പത്തിലുള്ള നുണയേ നാവില്‍വിടരൂ. ഫാരിസ് അബൂബക്കറാണ് ടിയാന്റെ ഇഷ്ടതാരം. എന്തുപറഞ്ഞാലും ഫാരിസ് അബൂബക്കര്‍ എന്ന 'ഒറ്റക്കണ്ണ'നില്‍കൊണ്ടെത്തിക്കണം. എല്‍ഡിഎഫില്‍നിന്ന് ഇറങ്ങിപ്പോയിട്ടും ഗൌഡാജി ആട്ടിയിറക്കിയിട്ടും വേലിക്കല്‍ ('ഒരുദേശത്തിന്റെ കഥ'യിലേ അതേ ഭാവത്തില്‍) നിന്ന് സംസ്കൃതംപറയുകയാണ്. ഫാരിസ് എന്റെ കൂട്ടുകാരനെന്ന് പത്രസമ്മേളനംവിളിച്ച് പറഞ്ഞ ഒരാള്‍ മാതൃഭൂമിയുടെ ഡയറക്ടര്‍ബോഡിലുണ്ട്. സ്വന്തം സഹോദരിയെപ്പോലും ഗൌനിക്കാതിരുന്നയാള്‍ സഹ ഡയറക്ടറെ വിശ്വസിക്കണമെന്ന് നിയമമില്ല. എന്തായാലും, ഇന്റഗ്രേറ്റ് ഫിനാന്‍സ് തട്ടിപ്പുകാരും ആദിവാസിഭൂമികൈയേറ്റക്കാരും വായില്‍തോന്നിയത് തട്ടിവിടുമ്പോള്‍ രംഗം അത്യാവശ്യം കൊഴുക്കുന്നുണ്ട്. കൊഴുപ്പുകൂടി കുമിഞ്ഞ് ഞരമ്പുകള്‍ അടഞ്ഞുപോകാനും ഞരമ്പുരോഗം മൂര്‍ച്ഛിക്കാനും സാധ്യതയുണ്ട്- ജാഗ്രതൈ!

Sunday, June 21, 2009

വരദാചാരിയുടെ തല!

സ്ക്രീനില്‍ ഫ്ളാഷ് ന്യൂസ് ഒഴികിക്കൊണ്ടിരിക്കുന്നു... .....

'ഭ്രാന്തന്‍ നായയില്‍നിന്നു പിഞ്ചുകുഞ്ഞിനെ കോണ്‍ഗ്രസുകാരന്‍ സാഹസികമായി രക്ഷിച്ചു'....

ന്യൂസ് ടൈം അല്ലെങ്കിലും അവതാരകന്‍ ഉടന്‍ ചാടിവീണു-

"ഇപ്പോള്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ മധു ലൈനിലുണ്ട്'' "മധു! അതിപ്രധാനമായ ഒരു സംഭവമാണ് തലസ്ഥാനത്ത് നടന്നത്, എന്താണ് വിശദാംശങ്ങള്‍.''

"പ്രകാശ്! അംഗന്‍വാടി വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന കുഞ്ഞിന്റെ നേരെ ഭ്രാന്തന്‍നായ ചാടിവീഴുകയായിരുന്നു. തൊട്ടടുത്ത പറമ്പില്‍ ജോലിചെയ്തുകൊണ്ടിരുന്ന കോണ്‍ഗ്രസുകാരന്‍ പൊടുന്നനെ കുഞ്ഞിനെ എടുത്തുമാറ്റുകയും നായയെ തത്സമയംതന്നെ അടിച്ചുകൊല്ലുകയുംചെയ്തു... ഈ അതിസാഹസികമായ പ്രവൃത്തികൊണ്ട് നാടിന്റെ അഭിമാനമായി മാറിയ മാന്യസുഹൃത്ത് നമ്മുടെയൊപ്പമുണ്ട്... അദ്ദേഹം നമ്മുടെ ചാനലിനുവേണ്ടി സംസാരിക്കും.''

"ഇതിലെന്താ കാര്യം ഇതൊക്കെ നാട്ടില്‍ സാധാരണ നടക്കുന്നതല്ലേ! പിന്നൊരു കാര്യം ഞാന്‍ കോണ്‍ഗ്രസുകാരനൊന്നുമല്ല!''

മധു: 'പ്രകാശ്! ഭയങ്കരമായൊരു വെളിപ്പെടുത്തലാണ് നമുക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇദ്ദേഹം ഒരു കോണ്‍ഗ്രസുകാരനല്ല.മാത്രവുമല്ല ഇദ്ദേഹം രാഷ്ട്രീയമില്ലാത്ത ഒരു സാമൂഹ്യപ്രവര്‍ത്തകനാണ്.''

"അല്ലെടോ! താനാണോ അത് തീരുമാനിക്കുന്നത്''. മധുവില്‍നിന്ന് മൈക്ക് പിടിച്ചുപറിച്ച് അയാള്‍ തുടര്‍ന്നു "എനിക്കൊരു രാഷ്ട്രീയമുണ്ട്. ഞാനൊരു കമ്യൂണിസ്റ്റുകാരനാണ്.''

ഉടനെ ഫ്ളാഷ് മാറി മിന്നി. കൂടുതല്‍ കടുപ്പത്തില്‍... "..... ഒരു പാവം നായയെ സിപിഐ എമ്മുകാരന്‍ അടിച്ചുകൊന്നു''

"ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ അപ്പുക്കുട്ടന്‍, ജയശങ്കര്‍ എന്നിവര്‍ എറണാകുളത്തും ആസാദ് കോഴിക്കോട്ടുംനിന്നു നമ്മോടൊപ്പം ചേരുന്നു.''
ഇത്രയും വായിച്ചപ്പോള്‍, ശതമന്യുവിന്റെ സാഹിത്യമാണിത് എന്ന് ആരും കരുതരുത്. അഡ്വക്കറ്റ് ജനറലിന്റെ ടെലിഫോണ്‍ സിബിഐ ചോര്‍ത്തിയപോലെ ഒരു ചാനല്‍ചോര്‍ത്തല്‍ വാര്‍ത്തയാണിത്. ആ തത്സമയ വാര്‍ത്ത അതിന്റെ തീവ്രത ചോര്‍ന്നുപോകാതെ അച്ചടിച്ച 'യുവധാര' മാസികയ്ക്ക് അഭിവാദ്യങ്ങള്‍.

*
പെട്രോളിന്റെ വിലക്കയറ്റസാധ്യത, തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ടിന് എന്തുസംഭവിക്കുന്നു, നാണ്യച്ചുരുക്കം നമ്മളെയും ചുരുക്കുമോ തുടങ്ങിയ 'അരാഷ്ട്രീയ' കാര്യങ്ങളെ അവഗണിച്ച് 'പട്ടി', 'പക്ഷി' തുടങ്ങിയ അന്താരാഷ്ട്ര പ്രശ്നങ്ങളാണ് ഇന്ന് നമ്മുടെ ചിന്താവിഷയം. അത്തരം കാര്യങ്ങളിലാണ് താടിവച്ചവരും വയ്ക്കാത്തവരും സുപ്രഭാതങ്ങളില്‍ ഗവേഷിക്കുന്നതും സന്ധ്യാസമയത്ത് ചര്‍ച്ചിക്കുന്നതും. അക്കൂട്ടത്തില്‍ ഒരു സുപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ലാവ്ലിന്‍ കേസാവട്ടെ നമ്മുടെയും ഇന്നത്തെ ചിന്താവിഷയം. കോഴിക്കോട്ടങ്ങാടിയില്‍ പന്ത്രണ്ടണയ്ക്ക് മഞ്ഞപ്പുസ്തകം വിറ്റുനടന്ന ചെറുക്കന്‍ വാര്‍ത്താ ചാനലുകള്‍ക്ക് പ്രത്യേക ക്ഷണിതാവായി മാറിയ മറിമായം കണ്ടില്ലേ? ആറ്റുനോറ്റിരുന്ന കുറ്റപത്രത്തിന്റെ കോപ്പി സിബിഐയില്‍നിന്ന് കിട്ടിയപ്പോള്‍ ഒന്നാംപേജില്‍ ഒരു വാര്‍ത്തപോലും കൊടുക്കാന്‍ കഴിയാതിരുന്ന മകാരപത്രങ്ങളുടെ ഗതികേട് കണ്ടില്ലേ. എന്നിട്ടും ഇപ്പോഴും ചിലര്‍ ഉരുവിട്ടുകൊണ്ടിരിക്കുന്നത്, എന്റെ കൈയില്‍ തെളിവുകളൊന്നുമില്ല, എന്നാലും പിണറായി അഴിമതിക്കാരനാണ് എന്ന ക്രൈം നന്ദകുമാരന്റെ വികടസരസ്വതിയാണ്. കഷ്ടാല്‍ കഷ്ടം. നുണയന്‍ കുമാരന്റെ വക്കീല്‍കുമാരന്മാരും ശിവനും കാളിയുമൊക്കെയാണ് നടപ്പുകാലത്തെ നിയമദീനങ്ങള്‍. പിണറായിക്കെതിരെ 'അനധികൃത സ്വത്തുസമ്പാദന'ത്തിന് കേസുകൊടുത്തപ്പോള്‍ ഒരു കുമാരന്‍ മറ്റൊരു കുമാരനില്‍നിന്ന് വക്കീല്‍ഫീസ് വാങ്ങിയിട്ടില്ലത്രേ. ലാവ്ലിന്‍ കേസ് നടത്താന്‍ പണം നല്‍കുന്നത് പി സി ജോര്‍ജാണെന്ന് ക്രൈംകുമാരന്‍ പറയുന്നു. ഈരാറ്റുപേട്ടയില്‍ വേരറ്റെങ്കിലും പണംകായ്ക്കുന്ന മരം കൂടെയുള്ളപ്പോള്‍ എഴുന്നേറ്റാല്‍ മൂന്നും നാലും ലക്ഷംപിടുങ്ങുന്ന വക്കീലന്മാരെ തീറ്റിപ്പോറ്റുന്നത് ഒരു സുഖംതന്നെ.

ഇതെല്ലാം സഹിക്കുന്ന മലയാളിക്ക് ഒരു വരദാചാരിയെ സഹിക്കുന്നതിന് എന്തുപ്രശ്നം എന്ന് ന്യായമായും ചോദിക്കാം. വരദാചാരിക്ക് പിണറായി വിജയനോട് ഒരു പകയുണ്ട്. തന്നെ മനോരോഗ വിദഗ്ധനെക്കൊണ്ട് പരിശോധിപ്പിക്കണമെന്ന് മുഖ്യമന്ത്രിക്ക് എഴുതിക്കൊടുത്തയാളാണ് പിണറായി. ആ പക തീര്‍ക്കാനുള്ള അവസരം കിട്ടിയപ്പോള്‍ ഭംഗിയായി ഒരു താങ്ങുതാങ്ങി. വരദാചാരിയുടെ തല മനോരമയും തല്‍പ്പരകക്ഷികളും അതിനുമുമ്പുതന്നെ ലാവ്ലിന്‍കേസുമായി കൂട്ടിക്കെട്ടിയിരുന്നു. സഹകരണവകുപ്പിലെ ഫയലിന്റെ പ്രശ്നത്തിലാണ് മന്ത്രി കുറിപ്പെഴുതിയതെന്ന് എല്ലാവരും സൌകര്യപൂര്‍വം അങ്ങ് മറന്നു. പത്രങ്ങള്‍ എഴുതിയതല്ലേ; അതുതന്നെ താനും പറഞ്ഞാലെന്തെന്ന് വരദാചാരിക്കും തോന്നി. ഗ്രഹണിപിടിച്ച സിബിഐക്ക് ചക്കക്കൂട്ടാന്‍ കിട്ടിയ ആഘോഷമായിരുന്നു 'വരദാചാരിയുടെ തല' കിട്ടിയപ്പോള്‍. ഇപ്പോള്‍ ആ തല തലകീഴ് മറിഞ്ഞിരിക്കുന്നു. ലാവ്ലിന്റെ തലയല്ല, സഹകരണത്തിന്റെ തലയാണത് എന്ന് തെളിഞ്ഞിരിക്കുന്നു.

ആര്‍ക്കും മിണ്ടാട്ടമില്ല. മുഖത്ത് നാണവും തോന്നുന്നില്ല. “എന്താണ് വരദാചാരിയുടെ തലയെക്കുറിച്ച് താങ്കള്‍ക്ക് പറയാനുള്ളത്? ആ തല സിപിഐ എമ്മിനെ തകര്‍ക്കുമോ?” എന്ന് ഷാനി പ്രഭാകരന്‍ ചാനലില്‍ ഒച്ചവയ്ക്കുന്നത് കേള്‍ക്കാന്‍ കൊതിച്ചിരുന്ന ശതമന്യു നിരാശനായി. 'തല'സ്പെഷ്യലുമായി കോഴിക്കോട്ടുനിന്ന് ബഷീറും കോത്താഴത്തുനിന്ന് കോസലവംശജനും മൈക്കുപിടിച്ചവതരിക്കുന്നതും കണ്ടില്ല. ഇനി അടുത്താഴ്ചത്തെ അലര്‍ച്ചപ്പംക്തിയില്‍ എന്തെങ്കിലും കേള്‍ക്കാനിടവരുത്തണേ എന്നാണ് പ്രാര്‍ഥന. വാരാന്തക്കാരന്‍ അരവക്കീലിന്റെ രാഷ്ട്രീയക്കോപ്രായ രസായനവും പ്രതീക്ഷയുണര്‍ത്തുന്നു.
*

വീരന്റെ ഉരുളയ്ക്ക് ഗൌഡയുടെ ഉപ്പേരി. കൃ.കുട്ടിക്ക് ചിറ്റൂരിലെ അച്യുതനുമായി ചതുരംഗം കളിക്കാനാണ് പണ്ടേ ഇഷ്ടം. അത് ശിഷ്ടകാലം അഭംഗുരം തുടരട്ടെ എന്ന് ഗൌഡാജി നിശ്ചയിച്ചിരിക്കുന്നു. ഇനി വീരന് പോകാം-ശീതനിദ്രയിലേക്ക്. തല്‍ക്കാലം തന്നെക്കൊണ്ട് നാടിന് കാര്യമൊന്നുമില്ലാത്ത സ്ഥിതിക്ക് ശീതനിദ്രതന്നെയാണ് ഉത്തമം.

*
കഴിഞ്ഞ ദിവസം ഫോണില്‍ ശതമന്യുവിന് ഒരു തെറിവിളി കിട്ടി. “താന്‍ മാര്‍ക്സിസ്റ്റുകാര്‍ക്കുവേണ്ടിയാണല്ലോടാ എഴുതുന്നത്, തന്റേത് കൂലിയെഴുത്തല്ലേടാ“ എന്നാണ് അങ്ങേത്തലയ്ക്കലെ ചോദ്യം. ഉത്തരം പറയാതിരുന്നപ്പോള്‍ ടിയാന്‍ പിന്നെയും കോപിഷ്ടനായി. അവസാനത്തെ തെറി ഇങ്ങനെയായിരുന്നു-

"തന്നെയൊന്നും വെച്ചേക്കില്ലെടാ ബ്ളഡി വരദാചാരീ......''.

Sunday, June 14, 2009

വളയാത്ത നട്ടെല്ല്

തമാശകള്‍ തുടരുകയാണ്....

'പിണറായി മാറിനില്‍ക്കണമെന്ന് വി എസ്' എന്ന വാര്‍ത്താവെളിപാടില്‍ ഒടുങ്ങുന്നില്ല വീരകേസരി പത്രത്തിന്റെ ആഗ്രഹങ്ങള്‍. 'സിപിഐയില്‍ രണ്ടഭിപ്രായം' എന്ന കഥകൂടി മേമ്പൊടി ചേര്‍ത്തിരിക്കുന്നു. ഇത്രനാളും സിപിഐ എമ്മിലെ ഗ്രൂപ്പിസം മതിയായിരുന്നു പിടിച്ചുനില്‍ക്കാന്‍. ഇനി സിപിഐയില്‍, ആര്‍എസ്പിയില്‍, ജോസഫ് ഗ്രൂപ്പില്‍, കടന്നപ്പള്ളിയുടെ കോണ്‍ഗ്രസ് എസില്‍-എല്ലാറ്റിലും അല്‍പ്പസ്വല്‍പ്പം ഗ്രൂപ്പിസം കണ്ടെത്തിയാലേ പരിപ്പ് വേവൂ എന്നായിരിക്കുന്നു. സിപിഐ ഒരപരാധം ചെയ്തു. സിപിഐ എം അഭിപ്രായപ്പെട്ടതുപോലെ ഗവര്‍ണറുടേത് കടന്നകൈയാണെന്ന് തുറന്നുപറഞ്ഞുപോയി. ആര്‍എസ്പിയും അതുതന്നെ പറഞ്ഞു. അങ്ങനെ വല്ലതും സംഭവിക്കാന്‍ പാടുള്ളതാണോ? പിണറായി വിജയന്‍ എന്ന കമ്യൂണിസ്റ്റ് പാര്‍ടി സെക്രട്ടറിയുടെ ചുടുചോര ചീറ്റിത്തെറിക്കണം. അതുകണ്ട് ചിലര്‍ക്ക് ചിരിച്ച് അര്‍മാദിക്കണം. സിപിഐ എം അധിക്ഷേപിക്കപ്പെടണം. അത്തരമൊരാഗ്രഹം സാധിക്കാനുള്ള ആര്‍ത്തിക്കിടയില്‍ ഏതുപാര്‍ടിയിലും ഗ്രൂപ്പുണ്ടാക്കാം; ഏതുകുടുംബത്തിലും ഏറ്റവും ദുഃഖകരമായ അവസ്ഥയുണ്ടാക്കാം. കുടിലമായ രാഷ്ട്രീയലക്ഷ്യമാണ് പ്രധാനം. അതിനായി ജീവിതത്തില്‍ ഒരിക്കലും അഴിമതിക്കുനേരെ കണ്ണെറിഞ്ഞിട്ടില്ലാത്ത മനുഷ്യരെ അഴിമതിയുടെ നാറുന്ന കഥകളില്‍ പിടിച്ചുമുക്കുന്നതിനും അവരുടെ കുടുംബാംഗങ്ങളെ തീതീറ്റിക്കുന്നതിനും എന്തിന് മടിച്ചുനില്‍ക്കണം?

എ കെ ബാലന്‍ പറഞ്ഞത് മനോബലം കൊണ്ടാണ് പിണറായി വിജയന്‍ പിടിച്ചുനില്‍ക്കുന്നതെന്നാണ്. കമ്യൂണിസ്റ്റുകാരുടെ മനസ്സിന് നല്ല ബലംതന്നെയുണ്ട്. ഹിമാലയക്കാരന്‍ എവറസ്റ്റുകാരനെ കൊന്നതിന് കൂട്ടുനിന്ന വകയില്‍ പണവും സ്ഥലവും പിടുങ്ങിയതിന്റെ പേരില്‍ ഒരു ഹിന്ദി വാധ്യാര്‍ക്കെതിരെ ചില ആരോപണങ്ങള്‍ വന്നിരുന്നു. അന്ന് ഖദറിട്ട വാധ്യാര്‍ പത്രക്കാരുടെമുന്നില്‍ വിയര്‍ക്കുന്നതും മുഖംതുടയ്ക്കുന്നതും വിളറുന്നതും വിറയ്ക്കുന്നതുമൊക്കെയാണ് നാട്ടുകാര്‍ കണ്ടത്. ഇവിടെ, വരുന്നത് ആരോപണങ്ങളല്ല, നുണകള്‍ കൂട്ടിക്കെട്ടിയ നാപ്പാംബോംബുകളാണ്. ഒന്നിനുപുറകെ ഒന്നായി പൊട്ടുന്നു; ചിതറിത്തെറിക്കുന്നു. പിണറായി വിജയന് ഒരു കുലുക്കവുമില്ല. ആര്‍എസ്എസുകാരന്റെ കത്തിയും വാളും വാടകക്കൊലയാളിയുടെ വെടിയുണ്ടയും ചീറിവരുമ്പോള്‍ കമ്യൂണിസ്റ്റുകാര്‍ വിറച്ചിട്ടില്ല. ഇതിന് മനോബലം എന്നല്ല പറയേണ്ടത്-കരിങ്കല്ലുപോലത്തെ മനസ്സാണോ അത്?

മ രാഷ്ട്രീയക്കളിയുടെ ഉത്സവത്തിനിടയ്ക്ക് നാമെല്ലാം പലതും മറന്നുപോകുന്നു. സമാനതകളില്ലാത്ത വ്യക്തിഹത്യയാണ് നടക്കുന്നത്. ഇടതുപക്ഷ രാഷ്ട്രീയ പാര്‍ടിയുടെ അമരക്കാരനായി എന്ന ഒറ്റക്കാരണം കൊണ്ട് ഒരാള്‍ വേട്ടയാടപ്പെടുന്നു. ഒരു വിമാനയാത്രയുടെ പേരില്‍ മാധ്യമങ്ങളും കുത്സിതശക്തികളും കേരളരാഷ്ട്രീയത്തില്‍ സൃഷ്ടിച്ച കോലാഹലങ്ങള്‍ എന്തൊക്കെയാണെന്നോര്‍ത്തു നോക്കൂ. ഡല്‍ഹിയിലേക്ക് പോകുമ്പോഴും മടങ്ങുമ്പോഴും തികച്ചും വ്യക്തിപരമായ ആവശ്യത്തിന് ചെന്നൈയില്‍ ഇറങ്ങിയ പിണറായി എത്രവേഗമാണ് വിവാദത്തിലേക്ക് എറിയപ്പെട്ടത്. ശത്രുക്കളുടെ ആക്രമണമുണ്ടാകുമെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തോക്ക് ലൈസന്‍സ് അനുവദിച്ചത്. ആ തോക്കിന്റെ ഉണ്ടകള്‍ അബദ്ധത്തില്‍ ബാഗിലായിപ്പോയി. അതാണ് വിവാദത്തിന്റെ കാട്ടുതീയായി പടര്‍ത്തിയത്. മനസ്സാക്ഷിയില്ലാത്തവര്‍ക്ക് മനസ്സിലാകാത്ത, അല്ലെങ്കില്‍ മനസ്സിലായാലും ഇല്ലെന്ന് ഭാവിക്കുന്ന മാനുഷികമായ, കുടുംബപരമായ കാര്യത്തിന് പുറപ്പെട്ടപ്പോള്‍ ഉണ്ടായ മറവി. അതിന്റെപേരില്‍ ഒസാമ ബിന്‍ലാദനെക്കാളും വലിയ ഭീകരവാദിയായി ഒരുനിമിഷംകൊണ്ട് ആ മനുഷ്യനെ മാറ്റി. പലതവണ കത്തിയും വാളുംതോക്കുമായി കൊല്ലാന്‍ ചെന്നിട്ടുണ്ട്. തലനാരിഴയ്ക്ക് രക്ഷപ്പെട്ടിട്ടുമുണ്ട്. ചണ്ഡീഗഢില്‍നിന്ന് പാര്‍ടികോണ്‍ഗ്രസ് കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ അവസാനിപ്പിക്കാന്‍ പദ്ധതിയിട്ടത് സുധാകരനും രാഘവനുമാണ്. പണവും തോക്കും കൊടുത്ത് വാടകക്കൊലയാളികളെ വിട്ടു. യാത്ര പൊടുന്നനെ മാറ്റിയതുകൊണ്ട് കൊലയാളികള്‍ക്കുമുന്നില്‍ കിട്ടിയത് ഇ പി ജയരാജനെ. വെടിവച്ചെങ്കിലും മരിച്ചില്ല. ആ കൊലയാളിസംഘം ഇന്നും വേട്ടയാടല്‍ തുടരുന്നു; തോക്കും നാക്കും വാക്കും പേനയുമായി.

എന്നാണ് പിണറായി മോശക്കാരനായത്? നിരന്തര പോരാട്ടത്തിലൂടെയും ചിട്ടയായ സംഘാടനത്തിലൂടെയും ആത്മാര്‍ഥതയിലൂടെയും ധീരമായ ഇടപെടലുകളിലൂടെയും കാലികമായ പ്രതികരണങ്ങളിലൂടെയും പ്രസ്ഥാനത്തിനെ ഉത്തരോത്തരം മുന്നോട്ടുനയിച്ചപ്പോള്‍. സ്വന്തം താല്‍പ്പര്യത്തിന് നില്‍ക്കാത്തവരെ ഹിംസിച്ചുകളയാന്‍ മടിക്കാത്ത ചിലരുണ്ട്. ഇന്നയിന്നയാള്‍ എന്നെനോക്കി ചിരിക്കാറില്ല, ഇന്നയാള്‍ അനുസരിക്കാറില്ല-അതുകൊണ്ട് പുള്ളികുത്തി വിടുന്ന അത്തരക്കാരെ നിഗ്രഹിക്കണം എന്ന് അത്തരം വൈരബുദ്ധികള്‍ ഉത്തരവിറക്കുന്നു. പാര്‍ടി സെക്രട്ടറിയായ പിണറായി വിജയന്‍ യുഡിഎഫ് ചൂണ്ടിക്കാട്ടുന്നവരെ കണ്ണുമടച്ച് ആക്രമിക്കാനല്ല, യുഡിഎഫിന്റെ രാഷ്ട്രീയപാപ്പരത്തം തുറന്നുകാട്ടാനാണ് തയ്യാറായത്. കമ്യൂണിസ്റ്റുകാര്‍ എന്തിനെയും എതിര്‍ക്കുന്ന വിദ്വേഷത്തിന്റെ പ്രയോക്താക്കളല്ല; ലോകത്തെ ക്രിയാത്മകവീക്ഷണത്തിലൂടെ കാണുന്ന മഹാമനസ്കരാണ് എന്നാണ് തെളിയിച്ചത്. ആ വീക്ഷണം; തന്റേടം-അത് ചിലര്‍ക്കുരുചിച്ചില്ല. പിണറായി വിജയന്‍ കേരളത്തെ ബംഗാളാക്കാന്‍ പോകുകയാണെന്ന് ചിലര്‍ ഭയന്നു. കാര്യങ്ങള്‍ കൈവിട്ടുപോകുകയാണെന്നോര്‍ത്ത് വിറച്ചു. അവിടെ തുടങ്ങി, പിണറായി വിജയനെ നിഗ്രഹിക്കാനുള്ള പദ്ധതി.

കേരളം കണ്ട ഏറ്റവും മികച്ച ഭരണാധികാരികളിലൊരാളെന്ന് വാഴ്ത്തിയവര്‍ തന്നെ അഴിമതിക്കാരനെന്നും ധാര്‍ഷ്ട്യക്കാരനെന്നും ചാപ്പകുത്താനിറങ്ങി. എന്തൊക്കെ കഥകള്‍ വന്നു. ഓര്‍ത്തുനോക്കൂ. പിണറായി വിജയന്‍ റഷ്യന്‍ സുന്ദരിമാര്‍ക്കൊപ്പം നൃത്തമാടി എന്നുവരെ എഴുതി ക്രൈം നന്ദകുമാര്‍. നൂറുവട്ടം സിംഗപ്പൂരില്‍ പോയയാള്‍-പിണറായി എന്നാണ് മഞ്ഞയല്ലാത്ത, അശ്ളീലമല്ലാത്ത തന്റെ പ്രസിദ്ധീകരണത്തില്‍ എഴുതി കേരളത്തിലാകെ വിതരണംചെയ്തത്. എന്താണ് ക്രൈം നന്ദകുമാറിന് പിണറായി വിജയനോടുള്ള വിരോധം? ആരെങ്കിലും ചോദിച്ചിട്ടുണ്ടോ? സ്വയം പരിശോധിച്ചിട്ടുണ്ടോ? എത്ര ലക്ഷങ്ങള്‍-ചിലപ്പോള്‍ കോടികള്‍ വരെ- ചെലവാക്കി ഈ നന്ദകുമാര്‍ കോടതികള്‍ കയറിയിറങ്ങി, പിണറായിക്കെതിരെ അപവാദം പറയാന്‍. പിണറായി വിജയന്റെ ഭാര്യയുടെ പേര് കമല എന്നാണ്. കമലാ ഇന്റര്‍ നാഷണല്‍ എന്നപേരില്‍ സിംഗപ്പൂരില്‍ ഒരു കമ്പനിയുണ്ട്പോലും. അത് പിണറായിയുടെ സ്ഥാപനമാണെന്ന് പറഞ്ഞുനടക്കുന്നവര്‍ ഇന്നുമുണ്ട് നാട്ടില്‍. തുടങ്ങിവച്ചത് ക്രിമിനല്‍ പത്രക്കാരന്‍ തന്നെ. സിംഗപ്പൂരില്‍ പലമട്ടില്‍ അന്വേഷിച്ചിട്ടും അങ്ങനെയൊരു കമ്പനി കാണാനില്ല. ഇന്നാട്ടില്‍ അങ്ങനെയൊരു സ്ഥാപനമേയില്ലെന്ന് അവിടത്തെ കമ്പനികാര്യ സെക്രട്ടറി രേഖാമൂലം പറയുന്നു. സിബിഐയും കേന്ദ്ര ഗവര്‍മെന്റും അന്വേഷിച്ചിട്ടും അങ്ങനെയൊന്ന് കാണാനില്ല. ക്രിമിനല്‍ പത്രക്കാരന്‍ ഇപ്പോള്‍ സഞ്ചരിക്കുന്നത് ലക്ഷ്വറി കാറിലും താമസിക്കുന്നത് പഞ്ചനക്ഷത്ര ഹോട്ടലിലും. പറയുന്നത് നൂറ്റമ്പതുകോടിയുടെ പ്രോജക്ടിനെപ്പറ്റിയാണ്. എവിടെനിന്ന് ഇതെല്ലാം വരുന്നു? എന്തൊക്കെ മറിമായം സംഭവിക്കുന്നു-ഒരു നിഷ്പക്ഷ മാധ്യമപ്രവര്‍ത്തകനും അന്വേഷിക്കുന്നില്ല. അടുത്ത് തുടങ്ങാനിരിക്കുന്ന ക്രൈം ചാനലില്‍ തൊഴിലവസരങ്ങള്‍ യഥേഷ്ടം ഉണ്ടാകട്ടെ.

രാഷ്ട്രീയകുതന്ത്രങ്ങളില്‍ അഭയംതേടുമ്പോള്‍ പ്രവൃത്തിയും കെട്ടുപോകും. അപവാദപ്രചാരണം രക്ഷപ്പെടല്‍തന്ത്രമാകും. പിണറായി, വി എസ്, കോടിയേരി, എം എ ബേബി, തോമസ് ഐസക്, ഇ പി ജയരാജന്‍, പി കെ ശ്രീമതി.....സിപിഐ എമ്മിന്റെ നേതൃനിരയിലുള്ളവരെക്കുറിച്ചും അവരുടെ കുടുംബാംഗങ്ങളെക്കുറിച്ചും എത്രയെത്ര കഥകള്‍. എല്ലാറ്റിനും ഒരു താളമുണ്ട്. കൂലംകുത്തിമനസ്സുള്ളവര്‍ക്ക് പ്രയാസകരമായ വാര്‍ത്തകളോ സംഭവങ്ങളോ നടന്നു എന്നിരിക്കട്ടെ-ഉടനെ വരും മന്ത്രിപുത്രന്മാര്‍ക്കെതിരെ കഥകളും ചാനല്‍ചര്‍ച്ചയും. സത്യം മറച്ചുവയ്ക്കാന്‍ ഇപ്പോള്‍ ഏറ്റവും മികച്ച ഉപാധി 'യഥാര്‍ഥ ഇടതുപക്ഷത്തിന്റെ' വേഷമാണ്. പിണറായി വിജയനെതിരെ എല്ലാ ആക്രമണവും കേന്ദ്രീകരിക്കുന്നതില്‍ അസ്വാഭാവികതയില്ല. അദ്ദേഹത്തെ തകര്‍ത്താലാണ് സിപിഐ എം എന്ന പാര്‍ടിയെ മൂലയ്ക്കിരുത്താന്‍ കഴിയുക എന്നവര്‍ കരുതുന്നു. ഓര്‍ത്തുനോക്കുന്നത് നല്ലതാണ്, എന്തൊക്കെ കഥകള്‍ വന്നു എന്ന്. ദശകോടികളുടെ ആസ്തിയുള്ള വ്യവസായിയുടെ മകനെക്കൊണ്ട് പിണറായിയുടെ മകളെ വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചെന്നാണ് നാടാകെ പാടിയ ഒരു കഥ. മകളുടെ വിവാഹം നടന്നപ്പോള്‍ കഥപൊളിഞ്ഞു; കുപ്രചാരണക്കാര്‍ മിണ്ടിയില്ല. മക്കള്‍ക്ക് നല്‍കിയ വിദ്യാഭ്യാസത്തെക്കുറിച്ച്, ജോലിയുള്ള മകന്‍ ബാങ്ക് വായ്പയെടുത്ത് ഉപരി പഠനത്തിന് പോയതിനെക്കുറിച്ച്....

ഇപ്പോള്‍ പറയുന്നു പിണറായി വിജയന്‍ നൂറുവട്ടം സിംഗപ്പൂരില്‍ പോയിട്ടുണ്ടെന്ന്. ഇന്നാട്ടില്‍ ഒരാള്‍ക്ക് വിദേശയാത്രചെയ്യാന്‍ ആവശ്യമുള്ള നടപടിക്രമങ്ങള്‍പോലും അറിയത്തവരാണ് ജനങ്ങള്‍ എന്ന് കരുതുന്ന വിഡ്ഢികളുടെ അപവാദപ്രചാരണം ഏറ്റെടുക്കാനും ഇവിടെ പത്രങ്ങളുണ്ടായിരിക്കുന്നു-കഷ്ടം! കൂത്തുപറമ്പില്‍നിന്ന് മമ്പറത്തേക്കുള്ള റോഡുവക്കില്‍ ആര്‍ക്കും കാണാവുന്നതാണ് പിണറായി വിജയന്റെ വീട്. ഈ വീടിന് ഒരു കോടിയിലേറെ ചിലവഴിച്ചെന്ന് പ്രചരിപ്പിക്കുന്നവരെ പിണറായിയിലേക്ക് ക്ഷണിക്കട്ടെ. മൂന്ന് നില വീട്. വീടിന്റെ ഓരോ നിലയിലേക്കും കാര്‍ കയറ്റാനുള്ള വഴി, കുളിമുറി വരെ ശീതീകരിച്ചത്, നാല് വിദേശ പട്ടികള്‍.......കാണിച്ചുതരാമോ ഈ പ്രചാരകര്‍? അങ്ങനെയൊന്നുമില്ല, നാട്ടില്‍ ജീവിക്കുന്ന സാധാരണക്കാരുടേത് മാത്രമാണ് പിണറായിയുടെ ജീവിതസാഹചര്യങ്ങളെങ്കിലോ? തിരുവനന്തപുരത്തെ പാര്‍ടി ക്വാര്‍ട്ടേഴ്സില്‍ ഏതൊരു സാധാരണക്കാരനെയും പോലെയാണ് പിണറായിയും ഭാര്യയും ജീവിക്കുന്നത് എന്ന് തെളിയിച്ചാലോ? മാപ്പുപറയുമോ ഈ കുബുദ്ധികള്‍ കേരളത്തോട്.

ചെത്തുതൊഴിലാളി കുടുംബത്തില്‍ ജനിച്ച്, കഠിനമായ ജീവിതസാഹചര്യങ്ങളോട് പൊരുതിക്കയറിയ പിണറായി വിജയന്‍ ഒരുനാള്‍ ഉന്നതങ്ങളിലേക്ക് ചാടിക്കയറിയതല്ല. സഹനങ്ങളുടെയും ത്യാഗങ്ങളുടെയും പ്രോജ്വലമായ പോരാട്ടങ്ങളുടെയും നേതൃപാടവത്തിന്റെയും അനുഭവവുമായാണ് പാര്‍ടിയുടെ ഉന്നതപദവിയിലെത്തിയത്. ആ മനുഷ്യനെ എതിര്‍ക്കാം-പക്ഷേ ഈ വേട്ടയാടല്‍ ഏതു പാതാളത്തിലാണ് നിങ്ങളെ എത്തിക്കുക? രാഷ്ട്രീയം എന്നാല്‍ പച്ചമനുഷ്യന്റെ ജീവിതത്തെയും പച്ചയായ സത്യങ്ങളെയും തമസ്കരിക്കുന്നതാണെന്ന പ്രത്യയശാസ്ത്രം ആരാണ് പടച്ചുവിട്ടത്? കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകര്‍ക്ക് സംശയമൊന്നുമില്ല. ഒരിക്കലും ഒരുപിശകും പറ്റാത്ത അമാനുഷനാണ് പിണറായി എന്ന തെറ്റിദ്ധാരണയുമില്ല. തെറ്റിപ്പോകുമ്പോള്‍ സ്വയം വിമര്‍ശിച്ച് തിരുത്താനും പാര്‍ടിക്കു കീഴടങ്ങി പ്രവര്‍ത്തിക്കാനും ശത്രുവിനുമുന്നില്‍ തലഉയര്‍ത്തി നെഞ്ചുവിരിച്ച് നില്‍ക്കാനുമുള്ള കമ്യൂണിസ്റ്റ് നേതൃത്വത്തെയാണ് ഇന്നാട്ടിലെ ജനങ്ങള്‍ അംഗീരിക്കുന്നത്. തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ അത് മുഖംനോക്കിത്തന്നെ പറയാനും തിരുത്തിക്കാനും അവസരമുള്ള പാര്‍ടിയില്‍ അചഞ്ചലമായി തുടരാന്‍ കഴിയുന്നതിന് കമ്യൂണിസ്റ്റ്ശുദ്ധിവേണം. ആ ശുദ്ധിയാണ്; ആര്‍ജവമാണ് നേതൃത്വത്തിന്റെ കൈമുതല്‍. അത് നാലുപത്രങ്ങളുടെയും ചാനലുകളുടെയും ഗ്വാഗ്വാ വിളിയില്‍ ചുരുങ്ങിപ്പോകുന്നതല്ല; പരിലാളനയില്‍ പുഷ്പിണിയാകുന്നതുമല്ല.

പിണറായി എന്തേ കുലുങ്ങാത്തത് എന്ന് പലരും ചോദിക്കുന്നു. എന്തുകൊണ്ട് മാധ്യമക്കാര്‍ക്കുമുന്നില്‍ കീഴടങ്ങാതെ ധാര്‍ഷ്ട്യം കാണിക്കുന്ന് എന്ന് ചിലര്‍ നെറ്റിചുളിക്കുന്നു. ഇങ്ങനെ ആക്രമിക്കപ്പെട്ടിട്ടും തളരാത്തതെന്തേ എന്ന് ചോദ്യമുണ്ടാകുന്നു.

വളര്‍ന്നുവന്ന വഴി തന്നെയാണ് അങ്ങനെയൊരു നട്ടെല്ലുവളയ്ക്കലിന് തടസ്സം. ആര്‍എസ്എസിന്റെ കൊലപാതകരാഷ്ട്രീയത്തിനുമുന്നില്‍, കോണ്‍ഗ്രസിന്റെ ഗുണ്ടാപ്പടയ്ക്കുമുന്നില്‍, അടിയന്തരാവസ്ഥയിലെ പൊലീസ് കരാളതയ്ക്കുമുന്നില്‍-ഒരിടത്തും വളഞ്ഞിട്ടില്ല ആ നട്ടെല്ല്. അങ്ങനെ വളയുന്നതല്ല കമ്യൂണിസ്റ്റുകാരന്റെ ഉരുക്കില്‍തീര്‍ത്ത തണ്ടെല്ല്. സഹകരണമേഖലയില്‍, വൈദ്യുതിരംഗത്ത്, നാടിന്റെ പൊതു വികസനകാര്യങ്ങളില്‍-ഭരണാധികാരി എന്ന നിലയിലും പാര്‍ടി നേതാവെന്ന നിലയിലും ഉയര്‍ന്നുനില്‍ക്കുന്നതുതന്നെയാണ് ആ നട്ടെല്ല്. അത് തച്ചുതകര്‍ക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹിക്കാം-പക്ഷേ ഇന്നാട്ടിലെ ആത്മാഭിമാനമുള്ള അവസാനത്തെ കമ്യൂണിസ്റ്റുകാരന്റെയും നെഞ്ചില്‍ കത്തി കയറ്റണം ആ ഔന്നത്യത്തെ തകര്‍ക്കാന്‍.

ഉന്നതമായ കമ്യൂണിസ്റ്റുബോധം നഷ്ടപ്പെടുമ്പോഴാണ് മാധ്യമങ്ങള്‍ക്കും വലതുപക്ഷവൈതാളികര്‍ക്കും മുന്നില്‍ നട്ടെല്ലുകള്‍ വളഞ്ഞുപോകുന്നത്. അത് കേരളത്തിന്റെ രാഷ്ട്രീയമനസ്സിന്റെ ബോധ്യം കൂടിയാണ്.